ഒരു അവിശ്വാസിയുടെ ചില സിമ്പിള്‍ സംശയങ്ങള്‍

ഒരു അവിശ്വാസിയുടെ ചില സിമ്പിള്‍ സംശയങ്ങള്‍

ദൈവവിശ്വാസം ജീവിതത്തില്‍ ഒരു അവശ്യഘടകമായി കാണുന്ന വിശ്വാസികളോട് ചില നിഷ്കളങ്കമായ സംശയങ്ങള്‍ ചോദിച്ചോട്ടെ. ദൈവവിശ്വാസിയായി ജീവിതം ആരംഭിച്ച ഞാന്‍ എത്ര ആലോചിച്ചിട്ടും ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തതുകൊണ്ടാണ് ദൈവവുമായി കൂട്ട് വെട്ടാന്‍ തീരുമാനിച്ചത്. ദയവ് ചെയ്ത് വിശ്വാസികള്‍ ഇവയ്ക്ക് ഉത്തരം തന്ന്‍ സഹായിക്കണം.

  1. സത്യത്തില്‍ ലോകത്ത് എത്ര ദൈവങ്ങള്‍ ഉണ്ട്?
  2. പല ദൈവങ്ങള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ആരാണ് പ്രപഞ്ചം ഉണ്ടാക്കിയത്?
  3. ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതം പറയുന്നതാണ് ശരിയായ ദൈവം? എന്താണ് അതിനുള്ള മാനദണ്ഡം?
  4. ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ തീര്‍ച്ചയായും ഞാനുള്‍പ്പടെ, ഇന്ന് ദൈവത്തില്‍ വിശ്വാസമില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവമാകണം. എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?
  5. മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതതത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതരോ രൂപം കൊടുത്ത ഈ മതതത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കാതെ straight forward ആയി എഴുതപ്പെടാത്തത്?
  6. കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ്, തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?
  7. ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല, ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്?
  8. അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍ ഉദ്ദേശിക്കുന്നത്?
  9. മനുഷ്യരെ സൃഷ്ടിച്ചത് ദൈവമാണെങ്കില്‍ vestigial organs എന്നറിയപ്പെടുന്ന മനുഷ്യന് പ്രത്യേകിച്ചു ഗുണമൊന്നും ഇല്ലാത്ത അവയവങ്ങള്‍ (പുരുഷന്റെ മുലക്കണ്ണുകള്‍, സ്ത്രീകളിലെ കന്യാചര്‍മം, അപ്പന്‍ഡിക്സ് തുടങ്ങിയവ ഉദാഹരണം) ഉണ്ടാക്കിയത് എന്തിനാണ്?
  10. കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ആരാണ്?
  11. ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്?
  12. ഇനി ദൈവമല്ലാതെ മറ്റാരെങ്കിലും ആണെങ്കില്‍ എന്തുകൊണ്ടാണ് ദൈവം അത് തടയാത്തത്?
  13. ദൈവം മനുഷ്യരെ നഗ്നരായിട്ടാണ് സൃഷ്ടിച്ചത് എങ്കില്‍ അവര്‍ വസ്ത്രം ധരിക്കുന്നത് എന്തിനാണ്?
  14. പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?
  15. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ആരാണ്?
  16. ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഒക്കെ എന്തിനാണ്?
  17. ഇനി ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഇല്ലെങ്കില്‍ പിന്നെ അവയൊക്കെ എന്തിനാണ്?
  18. ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
  19. ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി?
    (കുറിപ്പ്: ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു)
  20. സര്‍വശക്തന്‍ ആയിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്?
  21. അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത്?
  22. എല്ലാവരും തന്നില്‍ വിശ്വസിക്കണം എന്ന്‍ മതഗ്രന്ഥങ്ങളില്‍ ദൈവങ്ങള്‍ ആഹ്വാനം ചെയ്യുന്നു. ഇത്രയധികം നിരീശ്വരവാദികള്‍ ഉണ്ടായിട്ടും ഒരൊറ്റ തവണ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിശ്വസിപ്പിക്കാന്‍ കഴിയും എന്നിരിക്കെ അദ്ദേഹമെന്താണ് ഒരിക്കല്‍ പോലും നിരീശ്വരവാദികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാത്തത്?
  23. ഏതെങ്കിലും ഓപണ്‍ എയര്‍ ഗ്രൌണ്ടിലോ എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ ആകാശത്തിലോ പ്രത്യക്ഷപ്പെട്ടാല്‍ നിരീശ്വരവാദികള്‍ ഉള്‍പ്പടെ എല്ലാവരും സര്‍വശക്തനായ ദൈവത്തെ അംഗീകരിക്കും എന്നിരിക്കെ ഇതിനകം തന്നെ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുന്ന (/അങ്ങനെ പറയപ്പെടുന്ന) പുരോഹിതന്‍മാരുടെ മുന്നില്‍ അപ്പത്തിലും കല്ലിലും ഒക്കെ മാത്രമായി അദ്ദേഹം പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ടാണ്?
  24. ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പലതാണ്. എന്തുകൊണ്ടാണ് ദൈവം നേരിട്ട് അവരെ ഒന്നും ചെയ്യാത്തത്? വളരെയധികം പ്രായം ചെല്ലുന്നതുവരെ സുഖമായി ജീവിച്ചിരുന്നവരാണല്ലോ മിക്ക നിരീശ്വരവാദികളും.
  25. ഏതാണ്ട് എല്ലാ മതങ്ങളും സ്രഷ്ടാവ് ഏകനാണ് എന്ന്‍ പറയുന്നു. എന്തുകൊണ്ടാണ് മതഗ്രന്ഥങ്ങള്‍ എപ്പോഴും ഒരു പ്രത്യേക ഭൂവിഭാഗത്തെ (Geographical area) ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍ മാത്രം പറയുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ദൈവങ്ങളും ഹൈന്ദവ കഥാപാത്രങ്ങളും ഇന്ത്യ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും ഇസ്ലാമിക കഥാപാത്രങ്ങള്‍ അറേബ്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ചും മാത്രം കാണപ്പെടുന്നത്?
  26. ഒരേ ദൈവത്തിന്റെ സൃഷ്ടികള്‍ ആയിട്ടും നമ്മളെന്താണ് പല പല ഭാഷകള്‍ സംസാരിക്കുന്നത്, പല പല രൂപത്തില്‍ കാണപ്പെടുന്നത്? ആഫ്രിക്കയിലും ചൈനയിലും ഇംഗ്ലണ്ടിലും ആളുകള്‍ പല രൂപത്തില്‍ ഇരിക്കുന്നതെന്തുകൊണ്ടാണ്?
  27. തന്റെ സൃഷ്ടികള്‍ പല പല ഭാഷകള്‍ സംസാരിക്കുന്നവരായിട്ടും ദൈവം എന്തുകൊണ്ടാണ് സംസ്കൃതം, ഹീബ്രു, അറബിക് തുടങ്ങിയ ചില ഭാഷകള്‍ മാത്രം ഗ്രന്ഥരചനയ്ക്ക് വേണ്ടി തിരഞ്ഞെടുത്തത്?
  28. ദൈവം പ്രാര്‍ത്ഥന കേള്‍ക്കുമോ? കേള്‍ക്കുമെങ്കില്‍, സര്‍വജ്ഞനായ ദൈവം കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന നയം സ്വീകരിക്കാതെ എല്ലാവരുടെയും ആഗ്രഹം അറിഞ്ഞുകണ്ട് സാധിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്?
  29. ഇനി ദൈവം പ്രാര്‍ത്ഥന കേള്‍ക്കില്ല എങ്കില്‍, പിന്നെ വിശ്വാസികള്‍ എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്?
  30. ഇനി ദൈവം ചില പ്രാര്‍ത്ഥനകള്‍ മാത്രം തെരെഞ്ഞെടുത്ത് സാധിച്ചുതരും എങ്കില്‍ എന്താണ് ആ തെരെഞ്ഞെടുപ്പിനുള്ള മാനദണ്ഡം?
  31. അപകടങ്ങളില്‍ നിന്നോ രോഗങ്ങളില്‍ നിന്നോ ഒക്കെ രക്ഷപ്പെടുമ്പോ വിശ്വാസികള്‍ ദൈവം രക്ഷിച്ചു എന്ന്‍ പറയാറുണ്ട്. പക്ഷേ അങ്ങനെയെങ്കില്‍ ആ അപകടങ്ങളും രോഗങ്ങളുമൊക്കെ വരുത്തിയത് ആരാണ്?
  32. ഇവിടത്തെ അനീതികൾക്ക് മരണാനന്തരം ദൈവത്തിനാൽ ശിക്ഷ നൽകപ്പെടുമെന്ന് ചില മതങ്ങൾ പറയുന്നു. പിന്നെന്തിനാണ് അതേ മതങ്ങൾ ഭരിയ്ക്കുന്ന രാജ്യങ്ങളിൽ ഇത്ര കടുത്ത ശിക്ഷാമുറകൾ നിലനിൽക്കുന്നത്? മരണാനന്തരം ദൈവം കൊടുക്കുന്ന ശിക്ഷയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ, അതോ അത് പോരാത്തതുകൊണ്ടാണോ, അതോ…?
  33. ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?

സംശയങ്ങള്‍ ഇനിയും ഒരുപാടുണ്ടെങ്കിലും തത്കാലം ഇത്രയും ഉത്തരങ്ങള്‍ കൊണ്ട് എനിക്ക് തൃപ്തിയാകും. എല്ലാം ആര്‍ക്കും മനസ്സിലാവുന്നതരം വളരെ സിമ്പിള്‍ ആയ ചോദ്യങ്ങളാണ്. അതുപോലെ സിമ്പിള്‍ ആയ ഉത്തരങ്ങള്‍ മാത്രം അതാത് നമ്പറുകള്‍ ഇട്ട് സ്വന്തം വാചകത്തില്‍ തരിക. ഒരു കാര്യം വ്യക്തമായി പറയുന്നു: ഇത് സംശയങ്ങള്‍ മാത്രമാണ്, വെല്ലുവിളികള്‍ അല്ല. കൃത്യമായ ഉത്തരം പറയാനുള്ളവര്‍ മാത്രം പറയുക, അല്ലാത്തവര്‍ ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുക. ചിന്തിച്ച് സാവധാനം മറുപടി തന്നാല്‍ മതിയാകും.

Source: Vaisakhan Thampi