മണാളർ

മണാളർ

കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തിലൂടെയുള്ള യാത്രയിൽ ചിത്രകാരൻ കണ്ടുമുട്ടിയ, അസാധാരണമായി തോന്നിയ, ലൈംഗീക പരിശീലന കുലത്തൊഴിലിൽ ഏർപ്പെട്ടിരുന്ന ഒരു മുന്തിയ സവർണ്ണ നായർ (ശൂദ്ര) ജാതിക്കാരനായിരുന്നു മണാളർ.

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂർവ്വചരിത്രത്തെ പ്രതിപാദിക്കുന്ന പുസതകത്തിലാണ് മണാളരെക്കുറിച്ചുള്ള വിസ്തരിച്ച പരാമർശമുള്ളത്.
മണാളരെക്കുറിച്ച് മിണ്ടുന്നത് എന്തിന്?

‘മണാളർ’ എന്ന വിചിത്രവും, വർത്തമാനകാല മലയാളിക്ക് അജ്ഞാതവുമായ വേശ്യാ-കുലത്തൊഴിൽ പരിശിലന തൊഴിലിന്റെയും ശൂദ്ര വേശ്യാവൃത്തി കുല തൊഴിലിൻ്റെ ചരിത്രത്തിൻ്റെയും പിന്നിലുള്ള ബ്രാഹ്മണിക വംശീയതയുടെ ഭീഭത്സമായ, ബുദ്ധ – ധർമ്മ ധ്വംസന-അധീശത്വ ചരിത്രത്തെ തമസ്ക്കരിക്കാൻ ശ്രമിക്കുന്ന ജീർണ്ണ ജാതീയ സമൂഹമാണ് ഇന്നും നമുക്കുള്ളത്.

മാനവികതയിലേക്ക് ഉയരേണ്ടതായ നമ്മുടെ സമൂഹത്തെ, മഹത്വവൽക്കരിക്കപ്പെട്ട സവർണ്ണ ജാതീയ ദുരഭിമാനങ്ങളെ കണ്ണടച്ച് സഹിക്കാനും, സഹായിക്കാനും, എക്കാലവും നിലനിർത്താനും നമ്മുടെ ബ്രാഹ്മണാഭിമുഖ്യമുള്ള സാംസ്ക്കാരികത പ്രതിജ്ഞാബദ്ധമായി ജാഗ്രത പുലർത്തുന്നുണ്ട്.

പേരിന് മാത്രം, സവർണ്ണരായ ശൂദ്ര-നായരെയും അസവർണ്ണരായ (വിസ്മൃത ബൗദ്ധരായ) അധ:സ്ഥിതരെയും പിന്നോക്ക-ദളിത ജനവിഭാഗങ്ങളെയും എക്കാലവും തങ്ങളുടെ ‘സാംസ്ക്കാരിക’-കാൽച്ചുവട്ടിൽ തന്നെ നിലനിർത്താൻ ബ്രാഹ്മണ-സവർണ്ണ മതത്തിന് കഴിയുന്നത് ചരിത്രം രഹസ്യമാക്കി കുഴിച്ചുമൂടപ്പെടുന്നതിനാലാണ്.

ചരിത്ര സത്യങ്ങൾ കുഴിച്ചുമൂടുമ്പോൾ സമൂഹത്തിൻ്റെ ജീർണ്ണമായ ഭാഗങ്ങൾ ഇരുട്ടുമൂടിക്കിടക്കും. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ഈ വിശുദ്ധ ഇരുട്ട് സമൂഹത്തിലെ മാടമ്പി -ഗുണ്ടാവിളയാട്ടത്തിൻ്റെ മേഖലയായി അധോഗതിയിലേക്ക് സമൂഹത്തെ പിടിച്ചു വലിച്ചുകൊണ്ടിരിക്കും. ഫലത്തിൽ സാംസ്ക്കാരികത വിവേചനപരവും, ഹിംസാത്മകവും, ദുർഗന്ധ പൂരിതവുമായി തുടരും.

(ഈ സാംസ്ക്കാരിക ജീർണ്ണതക്കെതിരെ, എന്നാലാകുന്ന വിധം…, 2013 ൽ ‘മണാളർ’ എന്ന പേരിൽ ഒരു പെയിന്റിങ്ങ് രചിക്കുകയും, 2016ൽ ‘അമണ’ എന്ന പേരിലുള്ള എൻ്റെ 35 ചിത്രങ്ങളുടെയും ചിത്ര വിവരണങ്ങളുടെയും സമാഹാരത്തിൽ ‘മണാളർ’ ചിത്രവും വിവരണവും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുകയുമുണ്ടായി.)

മണാള ജീവിതം

നമ്മുടെ സമൂഹം ഇത്രയും ജീർണ്ണമായിരുന്നോ എന്ന് ആരേയും അതിശയത്തോടെ ചോദിപ്പിക്കാൻ തക്കവിധമുള്ള ധർമ്മമാണ് മണാളർ പണ്ടുകാലത്ത് അനുഷ്ഠിച്ചു പോന്നിരുന്നത്. വായിച്ചറിഞ്ഞിടത്തോളം, ബ്രാഹ്മണ സവർണ്ണ മതത്തിലെ സാമൂഹ്യ ജീർണ്ണതയുടെ താക്കോൽ സൂക്ഷിപ്പുകാരായോ വേശ്യാവൃത്തിയുടെ സാങ്കേതിക വിദഗ്ദരായ പ്രചാരകരായോ മണാളരെ കാണാം.

ഋതുമതികളാവുന്ന ശൂദ്ര(നായർ) കന്യകകൾക്ക് വൈശിക തന്ത്രം ഉപദേശിക്കുകയും പ്രായോഗിക പരിശീലനം നൽകുകയുമായിരുന്നു മണാളരുടെ കുലത്തൊഴിൽ. അതായത് മണാളർ, നായർ സ്ത്രീകളെ വേശ്യാവൃത്തി പരിശീലിപ്പിക്കുന്ന ഒരു ട്യൂഷൻ മാസ്റ്ററുടെ / അധ്യാപകന്റെ ജാതിയ കുലത്തൊഴിലിന്റെ പേരായിരുന്നു. ബ്രാഹ്മണ പുരുഷാധീശ – സവർണ്ണ മതം സമൂഹത്തിൽ ആഴത്തിൽ നട്ടുവളർത്താൻ ബ്രാഹ്മണരാൽ നിയോഗിക്കപ്പെട്ട ഒരു പ്രഫഷണൽ സ്ത്രീ-പീഢന/വൈശികതന്ത്ര പരിശീലന കുലത്തൊഴിലാളിയായിരുന്നു മണാളർ.

വൈശിക തന്ത്രം

മണാളരുടെ കുലവൃത്തിയെക്കുറിച്ച് പറയുമ്പോൾ, ആ കുലത്തൊഴിലിന്റെ ഉത്ഭവത്തിനു നിദാനമായ മൂലകൃതികളെക്കുറിച്ചു കൂടി പറയേണ്ടതുണ്ട്.

മലയാള സാഹിത്യത്തിലെ ലഭ്യമായ ആദ്യ കൃതികളായി അറിയപ്പെടുന്ന തോലന്റെ ആട്ട പ്രകാരങ്ങളും അക്കാലത്തുള്ള മണിപ്രവാള കാവ്യമായ വൈശിക തന്ത്രവും പത്താം നൂറ്റാണ്ടിൽ (1000 വർഷം മുമ്പ്) രചിക്കപ്പെട്ടതാണെന്ന് പറയപ്പെടുന്നു. എങ്ങനെ ഉത്തമ വേശ്യയാകാം എന്ന് സത്രീകളെ പഠിപ്പിക്കാനായി എഴുതിയ ഗ്രന്ഥമാണ് വൈശിക തന്ത്രം. പ്രായമായ ഒരു വേശ്യ, തന്റെ മകൾക്ക് വേശ്യ വൃത്തിയുടെ തന്ത്രങ്ങൾ ഉപദേശിക്കുകയാണെന്ന വ്യാജേന ബ്രാഹ്മണർ രചിച്ചുകൂട്ടിയ അതി മനോഹര സാഹിത്യമാണ് വൈശിക തന്ത്രം.

മഹാകാവ്യങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ലക്ഷണങ്ങളെല്ലാം ഒത്തുചേർന്ന കൃതിയായി ലീലാതിലകകാരൻ വിശേഷിപ്പിക്കുന്ന അതിമനോഹരമായ മണിപ്രവാള കൃതിയാണിത്.

ഇന്ത്യയിലൊട്ടാകെ, എട്ടാം നൂറ്റാണ്ട് മുതൽ സംസ്കൃത സാഹിത്യത്തിൽ വേശ്യാവൃത്തി അഭ്യസിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള കൃതികളുടെ മലവെള്ളപ്പാച്ചിൽ തന്നെ കാണാവുന്നതാണ്. ദാമോദര ഗുപ്തന്റെ ‘കുട്ടനീ മതം’ (കുട്ടൻ എന്ന് പറയുന്നത് ബുദ്ധനെയായതിനാൽ ബുദ്ധനെ താറടിക്കാൻ എന്നും ചിന്തിക്കാം.) കല്യാണമല്ലന്റെ ‘അനംഗരാഗം’, ക്ഷേമേന്ദ്രന്റെ ‘സമയമാതൃക’ , നേമീ ചന്ദ്രന്റെ ‘ലീലാവതി’ , തുടങ്ങി നിരവധി കൃതികൾ വൈശിക തന്ത്രം ഉപദേശിക്കുന്നവയായി സംസ്കൃതത്തിൽ ബ്രാഹ്മണരാൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെ ചുവടുപിടിച്ച് ഭാരതത്തിലെ പ്രാദേശിക ഭാഷകളിൽ അനേകം കൃതികൾ രചിക്കപ്പെട്ടിരുന്നു.
മലയാളത്തിലെ ഏറ്റവും പ്രാചീന കൃതിയായി ഉള്ളൂർ വിശേഷിപ്പിച്ചിട്ടുള്ള വൈശിക തന്ത്രം, വളരെ കുലീന പാരമ്പര്യമുള്ളതാണെന്ന് വ്യക്തം.

ഇതിനു പുറമെയാണ് അമേരിക്കൻ പോൺ സൈറ്റുകളെ വെല്ലുന്ന 64 തരത്തിലേറെ മൈഥുന സാധ്യതകൾ പ്രചരിപ്പിക്കുന്ന വത്സ്യായനന്റെ ‘കാമസൂത്ര’മെന്ന ലൈംഗീക ഗ്രന്ഥം ! മന്ത്രവാദികളായ ബ്രാഹ്മണ താന്ത്രികരുടെ ആരാധനാലയങ്ങളിൽ പുരുഷന്റെ ലിംഗ രൂപത്തിൽ ആരാധിക്കപ്പെടുന്ന (ബൗദ്ധ ഗുരുക്കന്മാരുടെ മരണശേഷം സ്ഥാപിക്കുന്ന സ്തൂപങ്ങളെയാണ് ബ്രാഹ്മണ്യം ശിവലിംഗമാണെന്ന് വ്യാഖ്യാനിച്ച് ഭക്തരെ കബളിപ്പിച്ചു വരുന്നത് എന്നൊരു വസ്തുനിഷ്ഠ നിരീക്ഷണമുണ്ട്.) ശിവ ഭഗവാൻ, തന്റെ പത്നിയായ, (ലൈംഗീകതയെക്കുറിച്ച് ABCD അറിയാത്ത പാവം, കുലസ്ത്രീയായ) പാർവ്വതിക്ക് ലൈംഗീകതയുടെ 64 മുറകൾ (പൊസിഷനുകൾ) ഉപദേശിച്ച്, അഭ്യസിപ്പിച്ചു കൊടുക്കുന്നത് ഒളിഞ്ഞ് നിന്ന് ശ്രവിച്ച ശിവന്റെ ഡ്രൈവറും വാഹനവുമായ നന്ദികേശനിലൂടെയാണ് ഈ ലൈംഗീക കൃതി മനുഷ്യർക്ക് ചോർന്ന് കിട്ടിയത് എന്നാണ് ബ്രാഹ്മണ്യം പുരാണം എഴുതി വെച്ചിരിക്കുന്നത്.’ അതായത്, ഭഗവാൻ ശിവനെക്കൊണ്ട് ബ്രാഹ്മണ്യം സർട്ടിഫൈ ചെയ്ത് മഹത്വപ്പെടുത്തിയ ഗ്രന്ഥമാണ് കാമസൂത്രം !

ഇതിൽ നിന്നും ചിത്രകാരനു മനസ്സിലാകുന്നത് ലൈംഗീക അരാജകത്വവും വേശ്യാവൃത്തിയും പ്രചരിപ്പിക്കുന്നതിനായി ബ്രാഹ്മണരുടെ സവർണ്ണ മതം പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തി അസാധാരണമായിരുന്നു എന്നാണ്. പത്മനാഭക്ഷേത്രത്തിന്റെ പ്രദിക്ഷണ മണ്ഡപത്തിലെ കരിങ്കൽ തൂണുകളിലേയും , കൊണാർക്ക് (സൂര്യ ക്ഷേത്രം) ഖജുരാഹോ തുടങ്ങിയ ക്ഷേത്രങ്ങളിലെ ഭിത്തികളിൽ നിറഞ്ഞാടുന്ന രതിവൈകൃതങ്ങളുടെയും കാരണം സവർണ്ണ ബ്രാഹ്മണ മതത്തിന്റെ വംശീയാധീശത്വ വ്യാപന കൗശല – തന്ത്രങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതാണ്.

ഒരു സമൂഹത്തെ സാംസ്ക്കാരികമായി ജീർണ്ണിപ്പിച്ച് വരുതിയിലാക്കുക എന്ന വംശീയ അധീശത്വ തന്ത്രത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമുള്ള സ്ഥാനത്തേക്കാൾ മുന്നിലാണ് ലൈംഗീകതയുടെ അതിപ്രസരത്തിലൂടെ സാദ്ധ്യമാകുന്നത് എന്ന് മന്ത്രവാദികളുടെ ജാതീയ (സവർണ്ണ) ബ്രാഹ്മണ മതത്തിന്റെ സോഫ്റ്റ് വെയർ നിർമ്മിച്ചവർക്ക് നല്ല നിശ്ചയമുണ്ടായിരുന്നെന്ന് വ്യക്തം !

(മുകളിൽ ചേർത്തത് ചിത്രകാരന്റെ ‘അമണ – ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ‘ എന്ന ചിത്ര സമാഹാര പുസ്തകത്തിൽ നിന്നുള്ള ഭാഗമാണ്. പേജ്: 100 to 102. രണ്ടാം പതിപ്പ്: മാർച്ച്, 2019.)
താഴെ, മണാളരെ കുറിച്ച് 2010 ഒക്ടോബർ 15ന് ഇന്റർനെറ്റ് മാധ്യമമായ ബ്ലോഗിൽ എഴുതിയ ഒരു വിവരണം കൂടി ചേർക്കുന്നു.

മണാളരും നായര്‍ കന്യകമാരും

മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍ ! എന്നാല്‍, ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ മതത്തിൻ്റെ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍.

ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം.

പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ (മന, ഇല്ലം എന്നീ മഹത്വവൽക്കരിച്ച പേരുകളിലുള്ള) വീട്ടിൽ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു.

പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ (ശൂദ്ര) സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച്, പ്രതിഫലം നല്‍കി, വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളർ. അഥവ, ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സമ്പന്നനായ) പുരുഷനായിരുന്നു മണാളർ. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും.

ബ്രാഹ്മണ സവർണ്ണമതത്തിന്റെ വേശ്യാ-സംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍, ദൈവത്തിന്റെ പ്രതിപുരുഷന്മാരായി വിലസിയിരുന്ന ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം (മുഖം മൂടി) തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും ബന്ധപ്പെടുന്ന പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത (ഭ്രഷ്ടിന്റെ പാപമേൽക്കാത്ത) ഭോഗ-കുലത്തൊഴിൽ കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധങ്ങൾ നായര്‍ സമുദായത്തിലെ തന്നെ, രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ, അന്നത്തെ സവർണ്ണ ‘വിത്തുകാളകളായിരുന്ന’ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി (ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു.
അതായത്, സവർണ്ണ മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ അഥവ സത്രീ-സമൂഹത്തെ പിഴപ്പിച്ച പാപം, തങ്ങളുടെ ‘വിശുദ്ധ’ സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ മുൻകൂട്ടി ശ്രദ്ധിച്ചിരുന്നെന്ന് സാരം.

(കലശലായ അയിത്താചാരങ്ങളാൽ വിഭജിക്കപ്പെട്ടിരുന്ന അക്കാലത്ത്, മണാളർ എന്നൊരു ജാതിയുണ്ടോ എന്നു പോലും അന്നത്തെ 85% ലേറെ ജനസംഖ്യവന്നിരുന്ന അബ്രാഹ്മണ ജനതയായിരുന്ന ബുദ്ധ ധർമ്മ പൈതൃകമുള്ള അസവർണ്ണർക്കും മുസ്ലീങ്ങൾക്കും കൃസ്ത്യാനികൾക്കും അറിവുണ്ടാകാൻ ഇടയില്ല.)

മണാളരുടെ ജാതിസ്ഥാനം

ഒരു നായര്‍ (ശൂദ്ര) സ്ത്രീക്ക് മണാളരുമായുള്ള പ്രഥമ നിഷേകം കഴിഞ്ഞാല്‍ തന്റെ ജാതിയില്‍ താഴെയല്ലാത്ത ഏതു ജാതിക്കാരുമായും ബന്ധങ്ങളിലേര്‍പ്പെടാമായിരുന്നു.
ബ്രാഹ്മണർ ലൈംഗീക സേവനം ആവശ്യപ്പെട്ടാൽ, നിരസിക്കാനാകാത്ത വിധം അവശ്യ സർവ്വീസായി ബ്രാഹ്മണ്യം നിർമ്മിച്ച ജാതീയ അടിമത്വമായിരുന്നു സംബന്ധം എന്നു തിരിച്ചറിഞ്ഞാലേ, ബ്രാഹ്മണ വംശീയ പൗരോഹിത്യത്തിന്റെ ഇരകളായിരുന്നു തങ്ങൾ, എന്ന തിരിച്ചറിവു പോലും ഇന്നത്തെ ചില ജാതി ദുരഭിമാനികളായി കാണപ്പെടുന്ന ശൂദ്രർക്ക് ലഭിക്കാനിടയുള്ളു.

തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും, (കാർത്തികപ്പള്ളി രാജാവിനെപ്പോലുള്ള) ശൂദ്ര-നായർ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. അത്തരം വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് മണാളര്‍ നായര്‍ ജാതിയില്‍ ഏറ്റവും മുന്തിയവർ ആയിരുന്നെന്നതിനു സംശയമില്ല.

നായര്‍ ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ള വിളക്കിത്തല നായര്‍ (നമ്പൂതിരിമാരുടെ ക്ഷുരകന്മാര്‍), ആന്തൂര്‍ നായര്‍ (മൺ പാത്ര നിർമ്മാതാക്കളായ കുശവന്മാര്‍), വെളുത്തേടത്തു നായര്‍ (നംബൂതിരിമാരുടെ അലക്കുകാര്‍) തുടങ്ങിയ ജാതിക്കാര്‍ക്ക് മണാളരുടെ സേവനം ലഭ്യമായിരുന്നില്ല.(ബൗദ്ധ പാരമ്പര്യമുള്ളതിനാൽ തൊഴിൽ പരമായി അപമാനിക്കപ്പെട്ടിരുന്നവരാണെങ്കിലും മണാളരുടെ സേവനത്തിൽ നിന്നും രക്ഷപ്പെട്ടത് ആ സമുദായങ്ങളുടെയും അവരുടെ സ്ത്രീകളുടെയും ഭാഗ്യം !)

മാത്രമല്ല, ജാതീയമായി തുല്യതയില്ലാത്തതിനാല്‍ മണാളരെ നായര്‍ എന്നു ബഹുമാനത്തോടെ വിളിക്കാനേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.(“മണാളരെ” എന്ന് അവര്‍ക്ക് വിളിച്ചുകൂട.) മണാളരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ സമൂഹം “നങ്ങമ്മ” എന്ന് ആദരവോടെ വിളിക്കണമായിരുന്നു. അതായത് മണാളര്‍ ശൂദ്ര-നായര്‍ ജാതിക്കാര്‍ക്കിടയിലെ മേനോൻ, കുറുപ്പ്, പണിക്കർ, നമ്പ്യാർ, പിള്ള തുടങ്ങിയ ‘പുത്തൻകൂറ്റ് ‘ശൂദ്രരെപോലെ ശൂദ്രത്വത്തിന്റെ കാഠിന്യം ലേശം കുറഞ്ഞ ‘ഉത്തമർ’ ആയിരുന്നു എന്നു പറയാം.

ഇങ്ങനെ ആദരണീയരും മുന്തിയ ജാതിയുമാണെങ്കിലും, ഒരോ ഗ്രാമത്തിലും വളരെ കുറച്ചു മണാളരുടെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്റെ സദാചാരമൂല്യങ്ങള്‍ മാറാൻ നിർബന്ധിതമായതിനെ തുടര്‍ന്ന് മണാളരുടെ കുടുംബങ്ങള്‍ പരമദരിദ്രരായി തീരുകയാണുണ്ടായത്. നായര്‍ സമുദായം വേശ്യാവൃത്തിയില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടുകൂടിയാണ് മേനോനായും, നായരായും അവർ ജാതീയ-രൂപമാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്നും മണാളര്‍ എന്ന ജാതിപ്പേര്‍ ഇല്ലാതായത്.

മണാളരുടെ ചരിത്ര പ്രസക്തി

മണാളര്‍ എന്ന ജാതി ഇന്ന് പ്രത്യക്ഷത്തിൽ അത്ര കാണപ്പെടുന്നില്ലെന്നു പറയാം. കേരള സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യശാസ്ത്രവും വസ്തുനിഷ്ടമായി മനസ്സിലാക്കാനുള്ള ജാതിയുടേയും കുലത്തൊഴിലിന്റേയും ഒരു ഫോസിലാണ് ഇന്ന് മണാളന്‍ എന്ന ജാതിപ്പേര്‍.

നമ്മുടെ സമൂഹം ഏതൊക്കെ ജീർണ്ണ-ദുര്‍ഘട ഘട്ടങ്ങളിലൂടെ കടന്നുപോയെന്നും, ആ അനുഭവ സംബത്ത് നമുക്കു നല്‍കുന്ന പാഠമെന്തെന്നും അന്വേഷിക്കുന്നവരെ സംബന്ധിച്ച് ഇതുപോലുള്ള ജാതിപ്പേരുകളുടെ ഫോസിലുകള്‍ നിര്‍ണ്ണായകമാണ്. സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളും, അധികാരത്തിന്റെ കുടില തന്ത്രങ്ങളും മാനവികമായി പരിവര്‍ത്തനപ്പെടുത്താന്‍ മണാളരെപ്പോലുള്ള മാഞ്ഞുപോയ ജാതിപ്പേരുകളുടെ ഫോസിലുകള്‍ ആധുനിക കേരളത്തിൽ സാമൂഹ്യ ശാസ്ത്രജ്ഞരെയും, സത്യാന്വേഷകരായ കലാകാരന്മാരേയും, സാംസ്ക്കാരിക പ്രവര്‍ത്തകരേയും സഹായിക്കുന്നതാണ് എന്ന് ഞാൻ ഉറച്ചു ” വിശ്വസിക്കുന്നു.
– ചിത്രകാരൻ ടി. മുരളി

16-08-2020
https://m.facebook.com/story.php?story_fbid=2056511411148533&id=100003690827480
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
ഈ പോസ്റ്റിന് ആധാരമായ മണാളരെക്കുറിച്ച് കൂടുതല്‍ വായനക്കും, വിവരങ്ങള്‍ക്കും :
കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് എഴുതിയ “നായന്മാരുടെ പൂര്‍വ്വചരിത്രം” രണ്ടാം വോള്യം. അദ്ധ്യായം: 2 ഡി. ‘പ്രഥമനിഷേകം’. പേജ് 85 to 90.
Nayanmarude poorvacharithram
History (Malayalam)
പ്രസാദകർ: പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം. മൂന്നാം പതിപ്പ്: 1187/October 2011.
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
ചരിത്രത്തിലെ പരാമര്‍ശങ്ങള്‍
– – – – – – – – – – – – – – – – – – – – – – – – –
(1) ബര്‍ബോസ, നായന്മാരുടെ ഇടയില്‍ നടന്നിരുന്നതായ ഈ സമ്പ്രദായത്തെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “ ….ഈ താലി അവള്‍ എല്ലായ്പ്പോഴും ധരിച്ചിരിക്കേണ്ടതാണ്.അതിനു ശേഷം അവള്‍ക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആദ്യത്തെ സേകക്രിയ (Deflower)നടത്തുവാന്‍ കുട്ടിയുടെ അമ്മ ചെറുപ്പക്കാരോട് യാചിക്കുന്നു.(Mother goes begging)എന്തുകൊണ്ടെന്നാല്‍ പ്രഥമനിഷേകം കഴിക്കുന്നത് ലജ്ജാവഹവും വൃത്തികെട്ടതുന്മായ(Unclean thing and almost a disgrace to deflower)ഒരു പ്രവര്‍ത്തിയായിട്ടാണ് അവര്‍ കരുതുന്നത്.”
-Castes and tribes of southern India vol. 5
(2) മലബാര്‍ ഗസറ്റിലും ഇതുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഈ അടിയന്തിരം കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്തതായ ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആദ്യത്തെ സേക ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ബുദ്ധിമുട്ട് കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്. എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു.”
-മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16.
(3) “നമ്പൂതിരിമാര്‍ക്കുവേണ്ടി മരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നായന്മാര്‍ ; നായര്‍സ്ത്രീകള്‍ അവരെ രസിപ്പിക്കാന്‍ വേണ്ടിയും”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :7
(4) “നായര്‍ സ്ത്രീകള്‍ പാതിവ്രത്യം കൂടാതെ വാഴണമെന്ന് നമ്പൂതിരിമാര്‍ വിധിച്ചു. നായന്മാര്‍ അതു തടഞ്ഞില്ല. സ്വന്തം ഭാര്യമാരെപ്പറ്റിയാണല്ലോ നമ്പൂതിരിമാര്‍ പറയുന്നതെന്നവര്‍ സമാധാനിച്ചിരിക്കണം.”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :82
(5) “ഉണ്ണുനീലി സന്ദേശത്തിൽ പരാമർശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂർ തേവിടിശ്ശിയുടെ ഭർത്താവ് മറ്റം വട്ടമന കൊട്ടാരത്തിൽ വാണരുളിയിരുന്ന കാർത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളംബരം പരിശോധിച്ചാൽ മതി. നോക്കുക:
നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയർന്ന ജാതിയിലോപെട്ട പുരുഷന് വശംവദയാകാത്ത സന്മാർഗ്ഗ വിഹീനകളായ സ്ത്രീകളുണ്ടെങ്കിൽ അവരെ ഉടൻ വധിക്കേണ്ടതാകുന്നു.”
(കെ.ജി.നാരായണൻ എഴുതിയ ഈഴവ-തിയ്യ ചരിത്ര പഠനം പേജ്: 416.)
വായനക്കാര്‍ ശ്രദ്ധിക്കുക:
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –
“അപ്രിയ ചരിത്ര-സത്യങ്ങൾ” FB സമാഹാര പോസ്റ്റിലേക്കുള്ള ലിങ്ക്: https://m.facebook.com/story.php?story_fbid=2257765787689760&id=100003690827480
– – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – – –

 

ചിത്രകാരന്റെ ‘അമണ – ചരിത്രത്തിലില്ലാത്ത ചിത്രങ്ങൾ‘ എന്ന ചിത്ര സമാഹാര പുസ്തകം ഇവിടെ നിന്ന് വാങ്ങാം. വില 200 രൂപ

 

Leave a Reply

Your email address will not be published. Required fields are marked *

*