Malayalam Poems by Kureepuzha Sreekumar.

അഗ്നിയും ഹിമവും മുഖാമുഖം കാണുന്ന സുപ്രഭാതം
പുഷ്പവും പക്ഷിയും പ്രത്യക്ഷമാകുന്ന സുപ്രഭാതം
ഉപ്പു കുമിഞ്ഞ പോലഗ്നി അതിനപ്പുറം അത്തിനന്തോംതക-
ചോടു വെച്ചങ്ങനെ വിത്തിട്ടു പോകും കൃഷി സ്ഥലം.
വെൺകരടി സ്വപ്നത്തിലെന്ന പോൽ ഗായത്രി ചൊല്ലുന്ന ഗര്‍ഭ ഗൃഹം
വൃദ്ധതാപസര്‍ പ്രാപിച്ചു വൃത്തികേടാക്കിയ-
വേദ കിടാത്തികൾ കത്തി നിവർന്ന വിളക്ക് ചാര്‍വാകന്‍

ജഡയിൽ കുരുങ്ങിയ ദർഭ തുരുമ്പുകൾ പുഴയിലേക്കിട്ടു-
പുലർച്ചയിലേക്കിട്ട് പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ട്
പുച്ഛം പുരട്ടി പുരിയൂഷത്തിലേക്കിട്ട്-
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ പ്രകൃതിയെ-
ചോദ്യശരത്തുമ്പിൽ മുട്ടിച്ച്
വിഷമക്കസായം കൊടുത്ത്-
വിഷക്കോ പുറമേക്കെടുത്ത് എറിയുന്നു ചാർവാകൻ
ലക്ഷ്യം കുലച്ച ധനുസ്സ് ചാർവാകൻ.

സിദ്ധ ബൃഹസ്പതി ഉത്തരം നൽകാതെ
ചക്ഷുസിനാലെ വിടർത്തിയ-
മാനസ തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു
ഉൽക്കമഴയെന്ത് തീത്താരമെന്ത് ആകാശ-
മത്ഭുതക്കൂടാരമായതെന്തിങ്ങനെ?
എന്താണു വായു ജലം ഭൂമി
ചൈതന്യ ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം
അന്ധതയെന്ത് തെളിച്ചമെന്ത്
സ്നേഹ ഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്ത്?
ബീജമെന്ത് അണ്ഡമെന്ത്?
ഉൾക്കാടു കത്തുന്ന ഞാനെന്ത്-
നീയെന്ത് പർവതം സാഗരം ഭാനുപ്രകാശം ജനിമൃതി
ഇങ്ങനെ നാനാതരം കനൽ ചോദ്യങ്ങൾ
പ്രജ്ഞയിൽ ലാവ വർഷിക്കെ വളർന്നു ചാർവാകൻ
നേരേത്? കാരണമരത്തിന്റെ നാരായ വേരേത്?
നാരേത് അരുളേത് പൊരുളേത് നെരിയാണിയെരിയുന്ന-
വെയിലത്തു നിന്നോ മഴയത്തിരുന്നോ മണലിൽ നടന്നീറ്റു-
പുരയിൽ കടന്നു മരണക്കിടക്ക തന്നരികത്തലഞ്ഞു
അന്വേഷണത്തിനനന്ത യാമങ്ങളിൽ
കണ്ണീരണിഞ്ഞു ചാർവാകൻ
ബോധം ചുരത്തിയ വാളു ചാർവാകൻ.

ഇല്ല ദൈവം ദേവശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല ജാതിമതങ്ങൾ
പരേതർക്ക് ചെന്നിരിക്കാനില്ല സ്വർഗവും നരകവും
ഇല്ല പരമാത്മാവുമില്ലാത്മ മോക്ഷവും
മുജ്ജന്മമില്ല പുനർജന്മമില്ല
ഒറ്റ ജന്മം നമുക്ക് ഈ ഒറ്റ ജീവിതം
മുളകിലെരിവ് പച്ചമാങ്ങയിൽ പുളിവ്
പാവയിൽ കയ്പ് പഴത്തിൽ ഇനിപ്പ്
ഇതു പോലെ നൈസർഗികം മർത്യ ബോധം
ഇതിൽ ഈശ്വരനില്ല കാര്യവിചാരം
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവാകൻ

വേശ്യയും പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ടാ
സുര വേണ്ട ദാസിമാരോടൊത്തു ദൈവിക സുരതവും വേണ്ട
പെണ്ണിനെക്കൊണ്ട് മൃഗലിംഗം ഗ്രഹിപ്പിച്ച്
പുണ്യം സ്ഖലിപ്പിക്കുമാഭാസ വേദവും
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട
ജീവി കുലത്തെ മറന്നു
ഹോമപ്പുക മാരി പെയ്യിക്കുമെന്നോർ-
ത്തിരിക്കും വിഡ്ഢി രാജാവു വേണ്ട..
രാജർഷിയും വേണ്ട.
ചെൻകോൽ കറുപ്പിച്ച മിന്നൽ ചാർവാകൻ

അച്ഛനോടെന്തിത്ര ശത്രുത?
മേലേയ്ക്ക് രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റി
പിതാവിനെ സ്നേഹപൂർവ്വം ബലി നൽകാത്തതെന്തു നീ?

തെറ്റാണു യജ്ഞം അയിത്തം പുലവ്രതം
ഭസ്മം പുരട്ടൽ ലക്ഷാർച്ചന സ്തോത്രങ്ങൾ
തെറ്റാണു വേശ്യ പുലമ്പലും തുള്ളലും
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും
പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതെ ഒറ്റമാത്രയും
അത്രയ്ക്ക് ധന്യമീ ജീവിതം
വേദന മുറ്റി തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം
പട്ടാങ്ങ് ഉണർത്തി നടന്നു ചാർവാകൻ

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി കൽപ്പിച്ചു-
കൊല്ലുകീ ധിക്കാര രൂപിയെ
കൊന്നാൽ നശിക്കയില്ലെന്നു മൺപുറ്റുകൾ
കണ്ടു പഠിക്കയെന്നു പൂജാരികൾ
ദുർവിധി ചൊല്ലി നദിയും ജനങ്ങളും
കൊല്ലരുതേ…തേങ്ങി വിത്തും കലപ്പയും
സർപ്പവും സതിയും പരസ്പരം പുൽകുന്ന ക്രുദ്ധരാത്രി
അപ്പുറത്ത് ആന്ധ്യം കലർന്ന സവർണനാം അഗ്നിഹോത്രി
കെട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു ശുദ്ധരിൽ ശുദ്ധനെ
നന്മപിതാവിനെ….
തീനാമ്പകറ്റി ഒരൂർജ്ജ പ്രവാഹമായ്
ലോകായുതക്കാറ്റുടുത്തുറങ്ങിക്കൊണ്ട്
രക്തസാക്ഷിക്ക് ഇല്ല മൃത്യുവെന്ന്
എന്നിലെ ദുഃഖിതനോട് പറഞ്ഞു ചാർവാകൻ

കുരീപുഴ ശ്രീകുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

*