“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന ചാപ്പപ്പേര്. – Dr. C.Viswanathan

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”  എന്ന  ചാപ്പപ്പേര്. – Dr. C.Viswanathan
65849569 - hand writing political correctness with marker, concept background

“പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”  എന്ന  ചാപ്പപ്പേര്.

“പി. സി.” എന്ന ചുരുക്കിയും പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് വിസ്തരിച്ചും പറയപ്പെടുന്ന അമേരിക്കന്‍ പ്രയോഗത്തിന് തത്തുല്യമായ ഒരു മലയാളപദം കണ്ടിട്ടില്ല. എങ്കിലും, ലോകമെമ്പാടും ഉയര്‍ന്നു വരുന്ന യാഥാസ്ഥിതികരാഷ്ട്രീയതരംഗത്തിന്റെ പ്രഭാവം കൊണ്ടാവണം, കേരളീയ പൊതുമണ്ഡലത്തിലും ഈ പ്രയോഗം കടന്നുവന്നിട്ടുണ്ട്  . ഏറെക്കുറെ അടുത്തകാലം വരെ നമുക്കിടയില്‍ അധികം പ്രചാരത്തില്‍ ഇല്ലാതിരുന്ന ഈ പ്രയോഗത്തിന്റെ ചരിത്രവും അതിനു പിന്നിലെ നിക്ഷിപ്തതാല്പര്യങ്ങളും   കേരളത്തിലെ സ്വതന്ത്രചിന്തകസമൂഹത്തിനു പരിചയപ്പെടുത്തുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.

ഏറ്റവുമാദ്യം തിരിച്ചറിയേണ്ട വിഷയം ഇത് ഒരു “ചാപ്പപ്പേര്” ആണെന്നുള്ളതാണ് . (Snarl word എന്നതിനെ മലയാളീകരിച്ചുണ്ടാക്കിയതാണ് ഈ വാക്ക് ) . ഏതെങ്കിലുമൊരു വസ്തുവിനെ, ആളിനെ, ആള്‍ക്കാരെ ഒക്കെ അപമാനിക്കാന്‍ , വിലയിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു പേര് എന്നര്‍ത്ഥം. ഇങ്ങനെ ഒരു കുറ്റപ്പേര് ചാര്‍ത്തുന്നതിന്റെ സൗകര്യം എന്താണെന്നാല്‍ , ഇങ്ങനെ പേര് ചാര്‍ത്തപ്പെട്ട വസ്തുവിനെയോ  ആളിനെയോ ആള്‍ക്കാരെയോ ഒക്കെ ബഹിഷ്കരിക്കാനും ഒറ്റപ്പെടുത്താനും പീഡിപ്പിക്കാനും  സൌകര്യമായി എന്നതാണ് ! ഇഷ്ടമില്ലാത്തയാളെ/ ആള്‍ക്കാരെ  “അവിശ്വാസി” എന്നോ “ദേശദ്രോഹി’ എന്നോ  “ജനശത്രു” എന്നോ “കുലാക്ക്” എന്നോ ചാപ്പ കുത്തിക്കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണല്ലോ . അയാളുടെ/ അവരുടെ വിശ്വാസ്യത അതോടെ തീര്‍ന്നു.അകത്തു നിന്നോ പുറത്തുനിന്നോ വിമര്‍ശനങ്ങള്‍ ഇല്ലാതെ ഒതുക്കുകയോ തുടച്ചുനീക്കുകയോ ഒക്കെ എളുപ്പത്തില്‍ ചെയ്യാം.

വിദേശഭാഷാപ്രയോഗങ്ങള്‍ മറ്റു  ഭാഷകളില്‍ വരുമ്പോള്‍ ചിലപ്പോള്‍ അര്‍ത്ഥം മാറിപ്പോവുകയും ചിലപ്പോള്‍ നേരെ എതിരായ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ഒക്കെ സംഭവിക്കാം. ‘ട്രോള്‍’ എന്ന പദത്തിന് ലോകമെങ്ങും അസ്വീകാര്യമായ ഒരു അര്‍ഥം ആയിരിക്കെ, മലയാളികളില്‍ പലരും  ആ പദം ഇന്ന്  ഉപയോഗിക്കുന്നത് അതിനു സ്വീകാര്യമായ അര്‍ത്ഥം നല്‍കിയാണ്‌ എന്നത് ഒരുദാഹരണം . അതുപോലെ,  “പി.സി.” യെ സംബന്ധിച്ച് , ഇതൊരു ചാപ്പപ്പേര് ആണെന്ന കാര്യം അമേരിക്കയില്‍  ഇത് പ്രയോഗിക്കുന്നവര്‍ക്ക്  പൊതുവേ അറിയാം. തങ്ങള്‍ /താന്‍ “പൊളിറ്റിക്കലി കറക്റ്റ്” ആണ് എന്ന് അവിടെ ആരും മേനി പറഞ്ഞു കേള്‍ക്കാറില്ല. പകരം, തന്‍റെ എതിരാളി/ എതിരാളികള്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” കാണിക്കുകയാണ് എന്ന്  അധിക്ഷേപിക്കുന്നതാണ് അവിടെ കാണുക. (മറിച്ചുള്ള ഒരു പ്രയോഗം അമേരിക്കക്കാര്‍ നടത്തുന്നത്  ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.) എന്നാല്‍ ഇക്കാര്യം അറിയാതെയാവാം, സ്വയം ലിബറല്‍ എന്നും ഇടതുപക്ഷം ഒക്കെ അടയാളപ്പെടുത്തുന്ന  ചില മലയാളികള്‍  ” നമ്മള്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് പാലിക്കണം”, “ഞാന്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് പാലിക്കാന്‍ ശ്രദ്ധിക്കുന്ന ആളാണ്‌ ” എന്നൊക്കെ ചിലപ്പോള്‍ പറയുന്നതു കേള്‍ക്കാം! “ഞാന്‍ ട്രോള്‍ ചെയ്തതാണ്” എന്ന് ചിരിയോടെയും ഇത്തിരി ഗര്‍വോടെയും പറയുന്ന ഏക  ഭാഷക്കാര്‍ മലയാളികള്‍ ആയിരിക്കുന്നതു പോലെ,”പി.സി ” യെ  ഇങ്ങനെ അഭിമാനപൂര്‍വം ബാഡ്ജ് ആക്കി നെഞ്ചില്‍ കുത്തി നടക്കുന്നവര്‍ ഒരു പക്ഷെ ഭൂമിയില്‍ നമ്മള്‍ മാത്രമേ ഉണ്ടാവൂ !

മലയാളി ലിബറലുകള്‍ ചിലപ്പോള്‍ അറിവില്ലാതെ നടത്തുന്ന ഈ ബാഡ്ജ് കുത്തല്‍ ഇടപാട് മാറ്റി വെച്ച്, പൊതുവേ “പി. സി.” ആരോപണത്തിന്റെ രീതി നമുക്കൊന്ന് പരിശോധിക്കാം.

“പി.സി.” എന്നത് എന്തിനെതിരെ ഉള്ള ചാപ്പപ്പേര് ആണെന്നതു നോക്കാം ആദ്യം.  . അസഹിഷ്ണുതാസൂചകമായ   ചില മനോഭാവങ്ങളെയും  ഭാഷാപ്രയോഗങ്ങളെയും വര്‍ജിക്കുകയെന്ന സാമൂഹ്യപ്രവണതക്കെതിരെയാണ് ഈ കുറ്റപ്പേര് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌. ഉദാഹരണത്തിന്, 1959 ല്‍ കേരളത്തില്‍ ഉയര്‍ന്നു കേട്ട ഈ മുദ്രാവാക്യം ഓര്‍ക്കുക.

“തമ്പ്രാനെന്ന് വിളിപ്പിക്കും

പാളയിൽ കഞ്ഞി കുടിപ്പിക്കും

ചാത്തൻ പൂട്ടാൻ പോകട്ടെ

ചാക്കോ നാടു ഭരിക്കട്ടെ

ഗൗരിച്ചോത്തി പെണ്ണല്ലേ

പുല്ലു പറിക്കാൻ പൊയ്ക്കൂടെ”

ഈ മുദ്രാവാക്യത്തെയും അതിനു പിന്നിലെ മനോഭാവത്തെയും അതിന്റെ  ദളിത്‌ വിരുദ്ധ, സ്ത്രീവിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടി അപലപിക്കുകയാണെങ്കില്‍, അങ്ങിനെ അപലപിക്കുന്ന ആള്‍ “പൊളിറ്റിക്കലി കറക്റ്റ്” ആവുകയാണ് എന്ന ആക്ഷേപത്തിന് അര്‍ഹയായിക്കഴിഞ്ഞു! 

 

സമകാലികമായ വേറെ ഒരു ഉദാഹരണം കൂടി പറയാം. ഈയടുത്ത കാലത്ത് ഒരു വിദ്യാര്‍ഥി നേതാവ് പ്രസംഗിച്ചു കേട്ടതാണ് ഈ വാചകം:  “..കോളേജ് ക്യാമ്പസിനകത്തു കയറി ഞങ്ങളുടെ പെങ്ങന്മാരെ ഒറ്റ എണ്ണം തൊടില്ല എന്ന് അന്ന് പറഞ്ഞെങ്കില്‍, ഇന്നുമത് പറയാന്‍ ഇവിടത്തെ ആണ്‍കുട്ടികള്‍ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ്……” ഇതു കേട്ട്,  സ്ത്രീകള്‍ക്ക് കര്‍തൃത്വം നിഷേധിക്കുകയും, അവരെ തങ്ങളാല്‍ രക്ഷിക്കപ്പെടേണ്ട  ‘പെങ്ങന്മാര്‍’ ആയി കാണുകയും ചെയ്യുന്ന മനോഭാവത്തെയും ആ മനോഭാവം ദ്യോതിപ്പിക്കുന്ന ഭാഷാപ്രയോഗത്തെയും ആരെങ്കിലും അപലപിച്ചാല്‍, അങ്ങിനെ അപലപിക്കുന്ന ആള്‍ക്കുമേല്‍ പതിക്കുന്ന ചാപ്പപ്പേരാണ്  “പി .സി.”!

 

പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിന്റെ ചരിത്രം

അടിസ്ഥാനപരമായി , പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്  എന്നത് അമേരിക്കന്‍ വലതുപക്ഷം നിര്‍മിച്ചെടുത്ത ഒരു കെട്ടുകഥയത്രേ. 1990 ഒക്ടോബറില്‍ ന്യൂയോര്‍ക്ക്‌ ടൈംസ്‌ പത്രത്തില്‍ റിച്ചാര്‍ഡ്‌ ബേണ്‍സ്ടീന്‍ എന്ന റിപ്പോര്‍ട്ടര്‍ എഴുതിയ “The Rising Hegemony of the Politically Correct”എന്ന ലേഖനം ആണ് പത്രമാധ്യമത്തില്‍ ഈ വിഷയത്തില്‍ ഏറ്റവും ആദ്യമായി വന്ന ലേഖനങ്ങളില്‍ ഒന്ന്.  “..വളര്‍ന്നു വരുന്ന ഒരിനം അസഹിഷ്ണുത , ചര്‍ച്ചകള്‍ക്ക് വിരാമമിടല്‍, സമൂലസാമൂഹ്യ പരിഷ്കരണ പദ്ധതിയുമായി യോജിച്ചു പോയില്ലെങ്കില്‍  ലിംഗവിവേചനം , വംശീയത, സ്വവര്‍ഗാനുരാഗവിരുദ്ധത എന്നീ മൂന്നുവിധമായ  ചിന്താക്കുറ്റങ്ങള്‍ ആരോപിക്കല്‍..”  എന്നിങ്ങനെയാണ്  പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന് താന്‍ പേരിട്ടു വിളിക്കുന്ന സാമൂഹ്യ പ്രതിഭാസത്തെ ബേണ്‍സ്ടീന്‍  വിവരിക്കുന്നത്.  (  “..a growing intolerance, a closing of debate, a pressure to conform to a radical program or risk being accused of a commonly reiterated trio of thought crimes: sexism, racism and homophobia.” ഇവിടെ പേരെടുത്തു പറഞ്ഞ മൂന്നുവിധം മനോഭാവങ്ങളെ കേവലം “ചിന്താക്കുറ്റങ്ങള്‍ ” മാത്രമായി കാണാന്‍ ലേഖകന് കഴിയുന്നത്‌ വിചിത്രം തന്നെ!)

 

ഇക്കാലത്തിനു മുന്‍പ്  പൊളിറ്റിക്കല്‍ കറക്റ്റ് നസ്സ് എന്ന പ്രയോഗം സ്വയം വിമര്‍ശന പരമായും പരിഹാസപൂര്‍വമായും അമേരിക്കന്‍ ഇടതു പക്ഷത്തിനിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു . ഓരോ വിഷയത്തിലും നൂല്‍വണ്ണം  പിഴക്കാത്ത  ‘കൃത്യമായ’ പാര്‍ട്ടി നിലപാട്  രൂപപ്പെടുത്തി  പിന്തുടരുന്ന  മാവോയിസ്റ്റ് രീതിയെ കളിയാക്കിക്കൊണ്ടാണ്  ഈ വാക്ക് അവര്‍ പ്രയോഗിച്ചിരുന്നത് . എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെ കഥ മാറി. ഈ പരിഹാസപ്രയോഗത്തെ വലതുപക്ഷം ഹൈജാക്ക് ചെയ്യുകയും  ഇടതുപക്ഷത്തിനെതിരെ  ഒരായുധമായി മാറ്റുകയും ചെയ്തു !

 

 ബേണ്‍സ്ടീന്‍റെ ലേഖനത്തില്‍ എടുത്തു പറയുന്ന രണ്ടു ഗ്രന്ഥകാരന്മാര്‍ ശ്രദ്ധേയരാണ് . 1987ല്‍ പ്രസിദ്ധീകൃതമായ “The closing of the American mind”എന്ന  ഗ്രന്ഥം രചിച്ച അലന്‍ ബ്ലൂം , 1990 ഏപ്രിലില്‍ വന്ന “Tenured Radicals: How Politics Has Corrupted our Higher Education “എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ റോജര്‍ കിംബാല്‍ എന്നിവരാണവര്‍.യാഥാസ്ഥിതിക നിലപാടുകളില്‍ നിന്നു കൊണ്ട് അമേരിക്കന്‍ വിദ്യഭ്യാസ വ്യവസ്ഥയെ വിമര്‍ശിച്ചുപോന്ന ഈ രണ്ടു പേരും കൃത്യമായ ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ലഭ്യമായ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തിച്ചു പോന്നത് എന്നത് ഇന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. വന്‍ ധനിക കുടുംബങ്ങള്‍ സ്ഥാപിച്ച അനേകം യാഥാസ്ഥിതിക സഹായധന വിതരണ സ്ഥാപനങ്ങള്‍ ( Conservative grant making foundations) അമേരിക്കയിലുണ്ട്. ഇവയില്‍ ഒന്നായ    Olin foundation എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് ആയിരുന്ന വില്യം സൈമണ്‍, യാഥാസ്ഥിക വിഭാഗക്കാര്‍ ഇത്തരം  ബുദ്ധിജീവികളെ  പ്രോത്സാഹിപ്പിക്കണം   എന്ന നിലപാട്  പരസ്യമായിപ്പറഞ്ഞത്‌ ഇങ്ങനെ: “They must be given grants, grants, and more grants in exchange for books, books, and more books.” ഈ Olin foundation, സമാനമായ നിലപാടുള്ള Scaife foundation എന്നിവ ചേര്‍ന്ന് സ്ഥാപിച്ച  The New Criterion എന്ന മാസികയുടെ എഡിറ്റര്‍ ആയിരുന്നു റോജര്‍ കിംബാല്‍.അലന്‍ ബ്ലൂം എന്ന ദേഹവും ഈ ഫൌണ്ടേഷനുകള്‍ നല്‍കിയ ഉദാര ഗ്രാന്റുകള്‍ വാങ്ങിയാണ് ഗ്രന്ഥരചന നടത്തിയത് .ഒരു “ബദല്‍ ബുദ്ധിജീവി സമൂഹം” (Counter intelligentsia )ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശത്തോടെ   യാഥാസ്ഥിതിക സഹായധന വിതരണക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കത്തിന്റെ ഫലമായാണ് അമേരിക്കന്‍ ക്യാമ്പസ്സുകളിലെ  ‘ഇടതുപക്ഷ അനുകൂല’ നിലപാടുകളെ നിശിതമായി വിമര്‍ശിക്കുന്ന ഈ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിലേക്ക് പ്രക്ഷേപിക്കപ്പെട്ടത്‌ എന്ന് താല്പര്യം.

ഏതായാലും  അവിടെ നിന്നിങ്ങോട്ട്  “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” സംബന്ധിച്ച്  അമേരിക്കയില്‍ വന്നിട്ടുള്ള ലേഖനങ്ങള്‍ ഒട്ടു മിക്കതും ഈ രണ്ടു ഗ്രന്ഥകാരന്മാരെയും , ഒപ്പം “illiberal education” എന്ന ഗ്രന്ഥത്തിലൂടെ  (1991) രംഗത്തെത്തിയ  ദിനേശ് ഡിസൂസ എന്ന ദേഹത്തെയും ആണ്  സ്ഥിരമായി ഉദ്ധരിച്ചുപോന്നിട്ടുള്ളത്. പതിവുപോലെ  ഡിസൂസയേയും  സ്പോണ്‍സര്‍ ചെയ്തത്   മുന്‍ സൂചിപ്പിച്ച യാഥാസ്ഥിതിക സ്ഥാപനങ്ങള്‍ തന്നെ. ( ഇന്ത്യയില്‍  ജനിച്ചു വളര്‍ന്ന ദിനേശ് ഡിസൂസ അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷത്തിന്റെ പ്രിയതാരമായി വളര്‍ന്നു പന്തലിച്ച കഥ വിചിത്രമാണ് . അതവിടെ നില്‍ക്കട്ടെ )

ഈ മൂന്നു ഗ്രന്ഥങ്ങളുടെയും പൊതുശത്രു , അമേരിക്കന്‍ വിദ്യാഭ്യാസരംഗത്ത്‌  സാംസ്കാരിക വൈവിധ്യത്തെ സ്വാഗതം ചെയ്യാനും  ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങള്‍ ആയിരുന്നു എന്ന് പറയാം. സാംസ്കാരിക വൈവിദ്ധ്യത്തെ പരിഗണിച്ചുകൊണ്ടുള്ള വ്യതിയാനങ്ങള്‍ പഠനപദ്ധതികളില്‍ വരുത്താന്‍ ശ്രമിച്ച അധ്യാപകരെയും സിലബസ് കമ്മറ്റികളെയും സര്‍വകലാശാലാ അധികാരികളെയും മറ്റും ഇവര്‍ രൂക്ഷമായി  വിമര്‍ശിച്ചു. അക്കാദമിക് രംഗത്ത്‌ കറുത്തവര്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവരെ പരിഗണിക്കുന്നതിനെതിരെയുള്ള ഈ വിമര്‍ശനങ്ങള്‍, യാഥാസ്ഥിതികാര്‍ക്ക് വേണ്ടി പുതുതായി ഒരു വോട്ട് ബാങ്ക് രൂപപ്പെടുത്തുകയെന്ന വലിയ പദ്ധതിയുടെ  ഒരു ഭാഗമായിരുന്നു എന്ന് പില്‍ക്കാലത്ത്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് .

 വെളുത്ത വര്‍ഗക്കാരായ തൊഴിലാളികള്‍, ചെറുബിസിനസ്സുകാര്‍ തുടങ്ങിയവരുടെ ഐക്യത്തിലൂടെയാണ് ഈ പുതിയ മുന്നണി രൂപപ്പെട്ടത്.  ‘ഗ്രാമ്യഭാഷ’ക്കാരായ ‘സാധാരണക്കാരനും ‘ ‘പോളിറ്റിക്കലി കറക്റ്റ് ‘ ആയി സംസാരിക്കുന്ന ‘വരേണ്യലിബറലുകളും’ എന്നൊരു കൃത്രിമ  ദ്വന്ദത്തെ പൊതുബോധത്തില്‍  നിര്‍മിച്ചെടുക്കുക വഴി അമേരിക്കന്‍ യാഥാസ്ഥിതികര്‍  (റിപ്പബ്ലിക്കന്‍മാര്‍) നേടിയ രാഷ്ട്രീയ നേട്ടം ചെറുതല്ല. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പൊതുവേ തൊഴിലാളികളെ ഏറെക്കാലം പ്രതിനിധീകരിച്ചു പോന്നിട്ടുള്ളത് ഡെമോക്രാറ്റിക്ക് കക്ഷി ആയിരുന്നല്ലോ. “സാധാരണക്കാരന്റെ”  ചിന്തകളെയും സംസാരത്തെയും നിയന്ത്രിക്കാനും  യൂറോപ്യന്‍ സമൂഹത്തിന്റെ പകര്‍പ്പായി നിര്‍മിക്കപ്പെട്ട തങ്ങളുടെ സമൂഹത്തെ ബഹുസംസ്കാരമലിനമാക്കാനുമൊക്കെ  ശ്രമിക്കുന്ന കുഴപ്പക്കാരായി ഡെമോക്രാറ്റുകളെ ചിത്രീകരിക്കാനും , അതുവഴി “വെളുത്ത” തൊഴിലാളിസമൂഹത്തെ ആ കക്ഷിയില്‍ നിന്ന് അകറ്റാനും , തങ്ങളുണ്ടാക്കിവിട്ട “പി.സി. ഭൂത” കോലാഹലം കൊണ്ട് യാഥാസ്ഥിതികര്‍ക്ക് കുറെയൊക്കെ സാധിച്ചു . കറുത്ത വര്‍ഗക്കാര്‍ തങ്ങളുടെ പൌരാവകാശങ്ങള്‍ സമരം ചെയ്തു നേടിക്കഴിഞ്ഞ – തുറന്ന വംശീയതാ പ്രകടനങ്ങള്‍ നടത്തുക അസാധ്യമായിക്കഴിഞ്ഞ-  പുതിയ  കാലത്ത് , വംശീയതയെ റീ – ബ്രാന്‍ഡ് ചെയ്തു പ്രയോഗിക്കുന്നതിനുള്ള മാര്‍ഗം ആയി യാഥാസ്ഥിതികര്‍ക്ക്  ‘പി.സി’ എന്ന വ്യാജാരോപണം  പ്രയോജനപ്പെട്ടു . (ഭരണ ഘടനാ മെക്കനിസത്തിലൂടെ ഇന്ത്യയില്‍ പലയിടത്തും ദളിതുകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  പ്രവേശിക്കാന്‍ തുടങ്ങിയപ്പോള്‍ “മെരിറ്റ് / റിസര്‍വേഷന്‍ ” എന്നൊരു വ്യാജ ദ്വന്ദ്വം നിര്‍മിച്ച് , ദളിത്‌ വിരുദ്ധതയെ റീ ബ്രാന്‍ഡ് ചെയ്ത ഇന്ത്യന്‍ മേല്‍ജാതി വംശീയതയും സമാനമായ അടവാണ് ഇവിടെ പരീക്ഷിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ തന്നെ, സ്ത്രീകള്‍ക്കിടയില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി വളര്‍ന്നുവരുന്ന സ്വാതന്ത്ര്യകാംക്ഷയില്‍ അതൃപ്തരായ  ചിലര്‍  സ്ത്രീസമത്വവാദം ഉന്നയിക്കുന്നവരെ  “ഫെമിനിച്ചി കൊച്ചമ്മമാര്‍” ഇത്യാദി ചാപ്പപ്പേരുകള്‍ നല്‍കി  ‘ബഹുമാനിക്കുന്ന’തു കാണാം. അടവ് ഒന്ന് തന്നെ !  )

 

1991ല്‍ അന്നത്തെ യാഥാസ്ഥിതിക അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ജോര്‍ജ് ബുഷ്‌ , “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”എന്നത് രാജ്യം നേരിടുന്ന വലിയ  ഒരു അപകടമായി ചിത്രീകരിച്ചു.ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ അഭിപ്രായപ്രകടനസ്വാതന്ത്ര്യം ‘പി.സി ‘കാരണം പീഡിതമായിരിക്കുന്നു എന്നായിരുന്നു വാദം.  അക്കാലം മുതല്‍ ഇന്നോളം, തങ്ങളുടെ ഈ ഭാവനാസൃഷ്ടിയെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യാഥാസ്ഥിതിക കക്ഷിക്കാര്‍  പലപ്പോഴും ആശ്രയിച്ചു പോരുന്നു.  ഡൊണാൾഡ് ട്രമ്പ്‌ തിരഞ്ഞെടുക്കപ്പെട്ട ഇക്കഴിഞ്ഞ പ്രസിഡന്റ് ഇലക്‌ഷനില്‍ ആയിരുന്നു പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന ചാപ്പപ്പേരുപയോഗിച്ച് രാഷ്ട്രീയനേട്ടം കൊയ്യുക എന്ന അമേരിക്കന്‍ യാഥാസ്ഥിതികതന്ത്രം ഏറ്റവും വ്യാപകമായും  ഏറ്റവും വിജയകരമായും പ്രയോഗിക്കപ്പെട്ടത്‌  . ഇന്ത്യയിലെ  മാധ്യമങ്ങളും  ബുദ്ധിജീവികളും സര്‍വകലാശാലാ സമൂഹങ്ങളും (മോഡിയും കൂട്ടരും ഒഴികെയുള്ള) രാഷ്ട്രീയക്കാരും   അപ്പടി ‘ദേശവിരുദ്ധര്‍’/ ‘പാക്കിസ്ഥാന്‍ പ്രേമികള്‍”  ആണെന്നു    മോഡിഭക്തര്‍  പ്രചരിപ്പിച്ചിരുന്നതു പോലെ  അമേരിക്കയിലെ യാഥാസ്ഥിതികര്‍  “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്”  എന്ന ഉമ്മാക്കിയെടുത്തുപയോഗിച്ചു.ഒരുദാഹരണം നോക്കുക : ഡൊണാൾഡ് ട്രമ്പ്‌ സ്ത്രീകളെ “തടിച്ചിപ്പന്നികള്‍” , ‘പട്ടികള്‍” ,”അറപ്പിക്കുന്ന ജന്തുക്കള്‍”എന്നൊക്കെ പരസ്യമായി  തെറി വിളിച്ച  കാര്യം മെഗിന്‍ കെല്ലി എന്ന മാധ്യമപ്രവര്‍ത്തക ഉന്നയിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഉടന്‍ മറുപടി ഇതായിരുന്നു. “ഈ രാജ്യത്തെ വലിയ പ്രശ്നം പൊളിറ്റിക്കലി  കറക്റ്റ് ആവാന്‍ ശ്രമിക്കുന്നതാണ് .എനിക്ക് അതിനു സൌകര്യമില്ല “.കാണികള്‍ കയ്യടിച്ച് ആര്‍പ്പുവിളിച്ചു. അപലപനീയമായ തന്‍റെ പെരുമാറ്റത്തെയും മനോഭാവത്തെയും , ചാപ്പപ്പേരുപയോഗത്തിന്റെ  രാഷ്ട്രീയസാദ്ധ്യത മുതലെടുത്ത്‌ വെള്ളപൂശുക മാത്രമല്ല,ആ വഷളന്‍ മനോഭാവത്തെ ഒരു രാഷ്ട്രീയമുതല്‍ക്കൂട്ടാക്കുക കൂടിയാണ്  ട്രമ്പ്‌ ഇവിടെ ചെയ്തത്. നൂറ്റാണ്ടുകളായി രണ്ടാംകിടക്കാരായി എണ്ണിപ്പോന്ന സ്ത്രീവര്‍ഗത്തില്‍ ഒരാള്‍, തങ്ങള്‍ക്കെതിരെയുള്ള അധിക്ഷേപസ്വരത്തെ ചോദ്യം ചെയ്തപ്പോള്‍, ആ ചോദ്യം ചെയ്യലിനെ “പി.സി.” എന്ന ചാപ്പപ്പേരു കുത്തി, അധിക്ഷേപം നടത്തിയ ആള്‍ മാന്യനായി! അതിനപ്പുറം, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന , ( പുരോഗമനകാംക്ഷികള്‍ എതിര്‍ക്കുകയും മാറ്റുകയും ചെയ്യേണ്ട) ആണ്‍കോയ്മാ മനോഭാവത്തിന്റെ ചാമ്പ്യന്‍ ആവുക വഴി  അയാള്‍ പൊതുസ്വീകാര്യത നേടുകയും ചെയ്തു !     പാരമ്പര്യ സമൂഹത്തില്‍ അധികാരത്തില്‍ നിന്നും പൊതു സമൂഹ പ്രാതിനിധ്യത്തില്‍ നിന്നും ബഹുദൂരം അകലത്തില്‍ നിര്‍ത്തപ്പെട്ടിരുന്ന വിഭാഗങ്ങള്‍ (സ്ത്രീകള്‍ , കറുത്തവര്‍ ,  ദളിതര്‍, ആദിവാസികള്‍…) കുറേശെ കുറേശെയായി ഈ “നിഷിദ്ധ ഇടങ്ങളില്‍” കയറിയെത്തുന്നതില്‍ അസ്വസ്ഥരാകുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഉണ്ട് എന്നത് ഒരു സത്യമാണ് . ഈ ഒരു വിഭാഗത്തെയാണ്  അമേരിക്കയിലെ  “ആന്റി – പി.സി”  വാദികളും ഇന്ത്യയിലെ “ആന്റി-റിസര്‍വേഷന്‍ ” വാദികളും   പ്രതിനിധീകരിക്കുന്നതും പ്രീണിപ്പിക്കുന്നതും. 

 

നന്നേ ചെറിയ കേരളീയ സ്വതന്ത്രചിന്താ സമൂഹത്തിലും ഈയിടെ  ചില “ആന്റി- പി.സി” വാദങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ശ്രദ്ധിക്കാന്‍ ഇടയായി. അമേരിക്കന്‍ വാദങ്ങളുടെ ചുവടുപിടിച്ച് ഇവിടെ ഇതുന്നയിക്കുന്ന സുഹൃത്തുക്കളോട് ആദ്യം നിര്‍ദ്ദേശിക്കാന്‍ ഉള്ള ഒരു ദ്രുതപരിശോധന, അവിടെ ഏതു തരം  “ബുദ്ധിജീവികള്‍”  ആണ്  ഈ ‘പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് വിരുദ്ധ’ വാദം ഉന്നയിക്കുന്നത് എന്ന കാര്യമാണ് . ദിനേശ് ഡിസൂസ, (Dinesh D’Souza)  മിലോ ഇയാനോപൌലോസ്  (Milo Yiannopoulos)എന്നീ രണ്ടു പേരെ നോക്കുക.പൊതുസംവാദങ്ങളില്‍ സ്ഥിരമായി കൃസ്തുമത പ്രതിനിധിയായി രംഗത്തെത്തുന്ന  ഡിസൂസ സ്വതന്ത്ര  ചിന്തകര്‍ക്കപരിചിതനല്ല. ഹിച്ചന്‍സുമായുള്ള ഇദ്ദേഹത്തിന്റെ  സംവാദങ്ങള്‍ പലരും കണ്ടു കാണും. സ്ത്രീകള്‍ കുടുംബത്തേക്കാള്‍ ജോലിയെ വിലമതിക്കുന്നതിനെ അപലപിക്കുന്ന തരം യാഥാസ്ഥിതിക മതവിശ്വാസിയാണ് ഡിസൂസ . “മരണാനന്തര ജീവിതത്തിന്റെ തെളിവുകള്‍ “,  “കൃസ്തുമതത്തിന്റെമഹത്വംഎന്ത് ?” “ദൈവത്താല്‍ ത്യജിക്കപ്പെട്ടവര്‍:ദുരനുഭവങ്ങള്‍ ഉണ്ടാവുന്നു ,നമ്മെപാലിക്കുന്നഒരു ദൈവം ഉണ്ടോ ? ഉണ്ട് -ഇവിടെയിതാ തെളിവ്”ഇത്യാദിയാണ്  ഇയാളുടെ പുസ്തകങ്ങളുടെ തലക്കെട്ടുകള്‍ എന്ന് പറഞ്ഞാല്‍ ,ഇന്നറിയപ്പെടുന്ന  പി .സി.വിമര്‍ശകരിലെ പ്രമുഖന്‍റെ മനോലോകത്തിന്റെ ഏകദേശചിത്രം വ്യക്തമാണല്ലോ ! സമീപകാലത്ത് പ്രസിദ്ധി നേടിയ  മറ്റൊരു  പി.സി. വിരുദ്ധ  യുവതാരമായ   മിലോ ഇയാനോപൌലോസും യാഥാസ്ഥിതിക,  വലതു പക്ഷ നിലപാടുകള്‍ കൊണ്ട്  കുപ്രസിദ്ധി  നേടിയിട്ടുള്ളയാളാണ്.  “ലോകത്ത് പലതരം തെറ്റായ മനുഷ്യര്‍ (wrong people)  ഉണ്ട്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു തരം ആണ് നാസ്തികര്‍”എന്നിയാള്‍ പറയുന്നത് ഒരു ചെറിയ ഉദാഹരണം. 

അയാന്‍ ഹിര്‍സി അലിയുടെ  ദുരനുഭവം

അറിയപ്പെടുന്ന ഇസ്ലാം മത വിമര്‍ശകയും സ്വതന്ത്രചിന്തകയുമായ  അയാന്‍ ഹിര്‍സി അലിക്ക് ഒരു ബഹുമതി ബിരുദം നല്‍കാന്‍ ബ്രാന്‍ഡെസ് യൂനിവേഴ്സിറ്റി തീരുമാനിക്കുകയും പിന്നീട്  അതില്‍ നിന്ന് പിന്മാറുകയും ചെയ്ത സംഭവം (2014)സര്‍വകലാശാലകളില്‍ നില നില്‍ക്കുന്ന   “പി.സി .സംസ്കാര”ത്തിന്റെ ഫലമായി ഉണ്ടായതാണ് എന്ന് പൊതുവേ പറഞ്ഞു കേള്‍ക്കാറുണ്ട് .എന്നാല്‍ ഇത് സംബന്ധിച്ച  പത്രറിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ , “പൊളിറ്റിക്കല്‍  കറക്റ്റ്നസ്സ്” എന്ന നവീനഭാവനാഭൂതം  അല്ല, കുറേക്കൂടി  പുരാതനവും  യഥാര്‍ത്ഥവുമായ  മതസംഘടനാശക്തി  ആണ്   ഈ സംഭവത്തിനു പിറകില്‍ പ്രവര്‍ത്തിച്ചത്  എന്ന് കാണാം. പ്രസ്തുത  യൂണിവേഴ്സിറ്റിയിലെ മുസ്ലിം സ്റ്റുഡന്റ് അസോസിയേഷന്‍ അംഗമായ സാറാ ഫഹമി എന്ന വിദ്യാര്‍ഥിനി, അയാന്‍ ഹിര്‍സി അലിക്ക്  ബിരുദം നല്‍കാനുള്ള  തീരുമാനം  പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഒരു പെറ്റീഷന്‍ change.org എന്ന വെബ്‌ സൈറ്റില്‍ ആരംഭിക്കുകയുണ്ടായി . ഇത് , Council on American-Islamic Relations എന്ന ശക്തമായ മതസംഘടനയുടെ ശ്രദ്ധയില്‍ വരികയും അവര്‍   ബ്രാന്‍ഡെസ് യൂനിവേഴ്സിറ്റി അധികൃതര്‍ക്ക് കത്തെഴുതുകയും ചെയ്തതു വഴിയാണ് ബിരുദദാനം പിന്‍വലിക്കാന്‍  യൂണിവേഴ്സിറ്റി അധികൃതര്‍ തീരുമാനമെടുത്തത് . നിശിതമായ മതവിമര്‍ശനം നടത്തുന്നവരോട്  മതങ്ങള്‍ ദീര്‍ഘകാലമായി  പുലര്‍ത്തിപ്പോരുന്ന  വേട്ടയാടല്‍ നയത്തിന്റെ  ആവര്‍ത്തനം ആണ്  ഇവിടെയും നടന്നത്. 1940 ല്‍ , ന്യൂയോര്‍ക്കിലെ ഒരു കോളേജില്‍ അധ്യാപകനായി നിയമിതനായ ബര്‍ട്രണ്ട് റസ്സലിനെ,  വില്യം മാനിംഗ് എന്ന പ്രൊട്ടസ്ടന്റ് ബിഷപ്പിന്റെ കത്തിനെ തുടര്‍ന്നു പുറത്താക്കിയ സംഭവവുമായാണ്  അയാന്‍ ഹിര്‍സി അലിക്കുണ്ടായ ദുരനുഭവത്തെ താരതമ്യം ചെയ്യാവുന്നത്. “പി.സി. പോലീസിന്റെ”  ഫാസിസം കൊണ്ട്  അയാന്‍ ഹിര്‍സി അലിക്ക് ബിരുദം നിഷേധിച്ചു എന്ന പ്രചരണം, ഏറ്റവും മിതമായി പറഞ്ഞാല്‍ അതിവായനയാണ്.

 

സാം ഹാരിസ്, ജൊനാഥന്‍  ഹെയ്റ്റ്

നവനാസ്തികത” യുടെ നാലു പോരാളികളില്‍ ഒരാളായി അറിയപ്പെടുന്ന സാം ഹാരിസ്, സ്വതന്ത്രചിന്തക വൃത്തങ്ങളില്‍ പരക്കെ ശ്രദ്ധിക്കപ്പെടുന്നൊരു  ചിന്തകനായ ജൊനാഥാന്‍ ഹെയ്റ്റ്  എന്നിവര്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സ്” നെ അപലപിക്കുന്നുണ്ടല്ലോ എന്നൊരു വാദം, ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ ചില സുഹൃത്തുക്കള്‍ ഉന്നയിക്കുകയുണ്ടായി. ഈ വശവും ചെറുതായൊന്നു വിശദീകരിക്കാം.

 

ജൊനാഥാന്‍ ഹെയ്റ്റും സാം  ഹാരിസുമായി നടത്തിയ ഒരു സംഭാഷണത്തില്‍, “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് ” മേഖലയില്‍ 2014 മുതല്‍ അമേരിക്കന്‍ സര്‍വകലാശാലാ ക്യാമ്പസുകളില്‍ ഉണ്ടായ ഒരു വമ്പിച്ച മാറ്റത്തെ കുറിച്ച്  ജൊനാഥാന്‍ ഹെയ്റ്റ്  വിവരിക്കുന്നു . മുന്പ് അമ്പതു ക്ലാസുകളില്‍ എങ്കിലും താന്‍ കാണിച്ച ഒരു വീഡിയോവിലെ ഒരു വാക്ക് തനിക്ക്  അലോസരമായി എന്നവകാ ശപ്പെട്ട്  ഒരു വിദ്യാര്‍ഥിനി പരാതിപ്പെടുകയും താന്‍ മാപ്പ് പറയേണ്ടി വരികയും ചെയ്ത വ്യക്ത്യനുഭവം പറഞ്ഞുകൊണ്ട്, അമേരിക്കന്‍ ക്യാംപസ്സുകളില്‍ “സാമൂഹ്യ നീതി എന്ന പുതിയ മതം” മേല്‍ക്കോയ്മ സ്ഥാപിച്ചിരിക്കുന്നു എന്നും, affirmative action ( സാമുദായിക സംവരണത്തിന്റെ അമേരിക്കന്‍ രീതി ) എന്നതിനെ ചോദ്യം ചെയ്യുന്നത് ഈ ‘മത’ പ്രകാരം  ദൈവദൂഷണം ആയി കണക്കാക്കപ്പെടുന്നു എന്നും, സ്ത്രീകള്‍, കറുത്തവര്‍ , ആദിവാസികള്‍ തുടങ്ങി ഏഴു വിഭാഗം ആള്‍ക്കാരുടെ വികാരങ്ങളെ മുറിപ്പെടുത്താതെ തങ്ങളുടെ അദ്ധ്യാപനം നടത്താന്‍ അദ്ധ്യാപകര്‍ പാടുപെടേണ്ട അവസ്ഥ സംജാതമായിട്ടുണ്ട് എന്നുമൊക്കെ  അദ്ദേഹം വിവരിക്കുന്നു. “മൈക്രോ അഗ്രഷന്‍” സാധ്യതകള്‍ , “സേഫ് സ്പേസുകളുടെ ” ആവശ്യകത,   തുടങ്ങിയ പദങ്ങളാല്‍ ആവിഷ്കരിക്കപ്പെടുന്ന  വിദ്യാര്‍ഥികളുടെ ഈ രംഗത്തെ ആകാംക്ഷ 1980കള്‍ മുതല്‍ അമരിക്കയില്‍ ശിശുപരിപാലന രീതിയില്‍ വന്ന മാറ്റം കൊണ്ടാണ് എന്നും ഹെയ്റ്റ് വാദിക്കുന്നുണ്ട്. ( ക്യാംപസ്സുകളില്‍ അല്ലാത്തതിനാല്‍ താന്‍ ഇതൊന്നും അറിയുന്നില്ല  എന്നാണ്  ആ സംഭാഷണത്തില്‍ സാം ഹാരിസ് പറയുന്നത്‌.) തൊണ്ണൂറുകളില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് കഥയുടെ ഒന്നാം അങ്കത്തില്‍ പ്രതികള്‍ ആക്കപ്പെട്ടവര്‍  അധ്യാപകരും യൂണിവേഴ്സിറ്റി അധികൃതരും ആയിരുന്നെങ്കില്‍, 2014 ലാരംഭിച്ച രണ്ടാമങ്കത്തില്‍ വിദ്യാര്‍ഥികള്‍ ആണ് കുറ്റക്കാരായി അവതരിപ്പിക്കപ്പെട്ടത് . ഇപ്പറയുന്ന കഥകള്‍ എത്രത്തോളം യഥാര്‍ത്ഥമാണ്  എന്നും,  അമേരിക്കയിലെ ‘ഇടതിന്’ മുന്‍തൂക്കമുള്ള  ചില ക്യാംപസ്സുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ സംഭവവികാസങ്ങള്‍ ക്യാമ്പസ്സിനു പുറത്തുള്ള വിശാല ലോകത്തെ സംബന്ധിച്ച് എത്രത്തോളം പ്രസക്തമാണ് എന്നും നമ്മള്‍ ചിന്തിക്കേണ്ട വിഷയം തന്നെ. അതിരിക്കട്ടെ.

ഇവിടെ പ്രസക്തമായി തോന്നുന്ന ഒരു വിഷയം, പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്  എന്ന് അധിക്ഷേപിക്കപ്പെടുന്ന ഭാഷാ-പെരുമാറ്റ രീതികള്‍ അലോസരപ്പെടുത്തുന്നത്  സ്വയം “നോണ്‍- ലെഫ്റ്റ് ” എന്ന് രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നവരെ ആണ് എന്നുള്ളതാണ് . അങ്ങിനെ ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചയാളാണ് ഹെയ്റ്റ്. “തുല്യത” എന്ന ആശയത്തോട് മനുഷ്യര്‍ പുലര്‍ത്തുന്ന മനോഭാവം എന്ത് എന്നതാണ് ഇടതിനെയും വലതിനെയും വേര്‍തിരിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് . ഈ വീക്ഷണത്തിലൂടെ കാണുമ്പോള്‍, “സാമൂഹ്യ നീതി എന്ന മതം”, “അതിര് കവിഞ്ഞ സമത്വവാദം” എന്നൊക്കെയുള്ള ഹെയ്റ്റിന്‍റെ പരിദേവനങ്ങള്‍   അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനങ്ങള്‍ ആയി നിരീക്ഷിക്കാവുന്നതാണ് .

ഏതായാലും തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുബന്ധമാം വിധത്തില്‍ തന്നെയാണ് ഈ വിഷയത്തില്‍ ഹെയ്റ്റ് നടത്തുന്ന ഇടപെടലുകള്‍ ദൃശ്യമാകുന്നത്. 2015 സപ്തംബറില്‍ അറ്റ്‌ലാന്റിക്ക് മാസികയില്‍ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്” സംബന്ധിച്ച് എഴുതപ്പെട്ട ദീര്‍ഘ ലേഖനത്തിന്‍റെ (“The coddling of the American mind”)  ലേഖനകര്‍ത്താക്കളില്‍ രണ്ടാം പേരുകാരനായി ജൊനാഥാന്‍ ഹെയ്റ്റിന്‍റെ പേരും കാണാം. ആദ്യ ലേഖകന്‍ ഗ്രെഗ് ലുകിയാനോഫ് എന്നൊരു വ്യക്തിയാണ്.പറയേണ്ടതില്ലല്ലോ – ഒലിന്‍ , സ്കൈഫ് കുടുംബങ്ങള്‍ സ്ഥാപിച്ച  “Foundation for Individual Rights in Education” എന്ന സംഘടനയുടെ തലവന്‍ ആണ് ലുകിയാനോഫ്!

 

സാം ഹാരിസിന്റെ നിലപാടുകള്‍ കുറച്ചു വിചിത്രമായി തോന്നുന്നു.മേല്‍പ്പറഞ്ഞ ഹെയ്റ്റ് – സാം ഹാരിസ്  സംഭാഷണത്തിന്  ശേഷം, അമേരിക്കന്‍ പ്രസിഡന്റ്  ഇലക്‌ഷനുമായി ബന്ധപ്പെട്ട് , പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്  വിഷയം ദീര്‍ഘമായി ചര്‍ച്ച ചെയ്യുന്ന ഒരു പോഡ്കാസ്റ്റ്  പ്രക്ഷേപണം സാം ഹാരിസ് നടത്തി. ക്യാമ്പസ് അന്തരീക്ഷത്തിനു പുറത്തേക്ക് , പൊതുസമൂഹത്തിന്റെ സംവാദങ്ങളിലേക്ക്  ഇസ്ലാമുമായി ബന്ധപ്പെട്ട്  “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” വ്യവഹാരത്തെ പ്രക്ഷേപിക്കുന്നതില്‍ റിപ്പബ്ലിക്കന്‍ കക്ഷി അപ്പോഴേക്കും വിജയിച്ചു കഴിഞ്ഞിരുന്നു. ഒര്‍ലാന്‍ഡോവില്‍  നൈറ്റ് ക്ലബ്ബില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നു രണ്ടു പ്രസിഡന്റ് സ്ഥാനാര്‍ഥികളും നടത്തിയ പ്രസംഗങ്ങളെ സാം ഹാരിസ് ഇതില്‍ താരതമ്യം ചെയ്യുന്നു. “

America must unite the whole civilized world in the fight against Islamic terrorism.”

 എന്ന ട്രമ്പിന്റെ വാചകത്തെ രണ്ടുവട്ടം ആവര്‍ത്തിച്ച് എടുത്തുപറഞ്ഞ് , ട്രംപ് ഇക്കാര്യത്തില്‍ പ്രദര്‍ശിപ്പിച്ച   “ധാര്‍മികവ്യക്തത” (moral clarity)    യെ അഭിനന്ദിച്ച  സാം ഹാരിസ്,  എന്തു കൊണ്ട്  ഹിലരി ക്ലിന്റന്‍ ഈ വാചകം പറയുന്നില്ല, എന്ന്  ചോദിക്കുന്നു. ഹിലരിയുടെ (ഡെമോക്രാറ്റുകളുടെ ) ഈ “പൊളിറ്റിക്കല്‍  കറക്റ്റ്നസ്സിന്‍റെ”  അനന്തരഫലമായി ജനങ്ങള്‍ ട്രമ്പിനെ  പിന്തുണക്കും എന്ന് , ട്രംപിനെ എതിര്‍ത്തുപോന്ന സാം ഹാരിസ് വാദിച്ചു. അതേ പ്രസംഗത്തില്‍, ട്രമ്പും കുറ്റപ്പെടുത്തുന്നത്  ഡെമോക്രാറ്റുകളുടെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സി”നെ തന്നെ യാണ്‌  . (“They have put political correctness above common sense, above your safety, and above all else. I refuse to be politically correct.” എന്നാണു ട്രമ്പിന്റെ വാചകങ്ങള്‍ ) അര്‍ദ്ധ സത്യങ്ങള്‍ എടുത്തു നിരത്തി അമേരിക്കയെ ഇസ്ലാം വിഴുങ്ങാന്‍ പോകുന്നു എന്ന ഭീതി പരത്തുന്ന ട്രമ്പിന്റെ നിരുത്തരവാദപരമായ തീപിടിപ്പിക്കല്‍ പ്രസംഗം, ജനാധിപത്യബോധവും മാനവികതയും മനസ്സിലുള്ള ആരെയും നിരാശനും ആശങ്കാകുലനും ആക്കും.

 

(1964 ലെ ഒരു ഇലക്‌ഷന്‍ പ്രചാരണ പോസ്റ്റര്‍- ഇംഗ്ലണ്ട് . ‘അന്യര്‍’ നമ്മെ കീഴടക്കാന്‍ പോകുന്നു എന്ന ഭീഷണി യാഥാസ്ഥിതികരുടെ ഒരു സ്ഥിരം പ്രചരണ തന്ത്രമാണ്)

സാം ഹാരിസ് തള്ളിപ്പറഞ്ഞ ഹിലരിയുടെ പ്രസംഗമോ ?   ഒര്‍ലാണ്ടോ ഘാതകന്റെ മനസ്സിനെ വിഷമയമാക്കിയ വൈറസ്‌ സജീവമാണ് എന്നും അതിനെ ആക്രമിക്കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു . “Radical jihadist” ഭീഷണിയെ തിരിച്ചറിയുകയും അതിനെ എതിരിടാനുള്ള പദ്ധതികള്‍ വിവരിക്കുകയും ചെയ്യുന്നു. പക്ഷേ, ഹിലരി ഉപയോഗിക്കുന്ന   “radical jihadism”, “radical Islamism” എന്നീ പദങ്ങളെ സാം ഹാരിസ് തള്ളിപ്പറയുന്നു. റാഡിക്കല്‍ നാസിസം എന്നൊന്നില്ല, എല്ലാ നാസിസവും റാഡിക്കല്‍ ആണ്, അസ്വീകാര്യമാണ് എന്നൊരു ഉദാഹരണം ആണ് സാം ഹാരിസ് ഇവിടെ പറയുന്നത്.

ഈ പ്രസംഗത്തിലെ ഹിലരിയുടെ ഭാഷയെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്’ എന്ന് അധിക്ഷേപിക്കുമ്പോള്‍, വര്‍ഷങ്ങളിലൂടെ ഈ “പി.സി.” വ്യവഹാരത്തെ സൃഷ്ടിക്കുകയും പോഷിപ്പിക്കുകയും വിളവെടുക്കുകയും ചെയ്തുപോരുന്ന അമേരിക്കന്‍ യാഥാസ്ഥിതികരുടെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ സാം ഹാരിസ് ചെന്ന് കുടുങ്ങിക്കൊടുക്കുകയാണ്  ചെയ്തത് എന്ന് ഞാന്‍ വിചാരിക്കുന്നു.  ജനാധിപത്യവ്യവസ്ഥയെ വിലമതിക്കുന്ന  ഒരു പൌരന്‍ എന്ന നിലയില്‍ സാമാന്യമായും   ഉത്തരവാദിത്തമുള്ള ഒരു ഭരണസ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയില്‍ വിശേഷിച്ചും,  തന്റെ സംസാരത്തില്‍ നിര്‍ബ്ബന്ധമായും പുലര്‍ത്തേണ്ട നിയന്ത്രണങ്ങള്‍ ഹിലരി ക്ലിന്റന്‍   പുലര്‍ത്തി എന്നേ ഇവിടെ കാണേണ്ടതുള്ളൂ. ഭരണഘടനാദത്തമായ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍  പക്ഷപാതിത്വപരവും ദുരുദ്ദേശപൂര്‍ണവുമായ പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി തുറന്ന  വര്‍ഗീയ ലഹളകള്‍ പോലും നടത്തിയതിന്റെയും , മാധ്യമങ്ങള്‍ വ്യക്തമായി ഇത്തരം അക്രമങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്റെയും ഒക്കെ ദുരന്താനുഭവങ്ങള്‍ നമുക്കുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ആണ്  എപ്പോഴും ഈ അക്രമങ്ങള്‍ക്ക് എളുപ്പത്തില്‍ ഇരകളാവുന്നത്. ഇളക്കിവിട്ടവര്‍ക്ക് പോലും നിയന്ത്രിക്കാന്‍ ആവാത്ത കൊടുങ്കാറ്റുകളായി  മാറുന്ന ഇത്തരം ദുരന്തങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, താരതമ്യേന കുറഞ്ഞ ജനാധിപത്യ ചരിത്രം മാത്രമുള്ള നമ്മുടെ രാജ്യത്തുപോലും പല മണ്ഡലങ്ങളിലും ദൃശ്യമാണ്. വര്‍ഗീയ ലഹളകളെ  “രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം” എന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന പത്രഭാഷയില്‍ പോലും കാണാം, ഒരു ബഹുസ്വര സമൂഹത്തില്‍ പൌരന്മാരും സ്ഥാപനങ്ങളും  തങ്ങളുടെ ഭാഷയിലും പെരുമാറ്റത്തിലും ആവശ്യം പുലര്‍ത്തേണ്ട കരുതലിന്റെ നിഴല്‍. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തന്‍റെ പ്രസംഗത്തില്‍ വെളിവാക്കിയ  ഈ കരുതലിനെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനു പകരം അതിനെ “പൊളിറ്റിക്കല്‍ കറക്റ്റ്നസ്” എന്ന യാഥാസ്ഥിതികസൃഷ്ടമായ ചാപ്പപ്പേര് വിളിച്ച് അധിക്ഷേപികുകയാണ് സാം ഹാരിസ് ചെയ്തത്.

 

സാം ഹാരിസ് അംഗീകരിച്ചിട്ടുണ്ട് എന്നത് കൊണ്ട് “പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ്” എന്ന കെട്ടുകഥക്ക് വിശ്വാസ്യത ഒട്ടും കൂടുന്നില്ല എന്ന് സാരം.   

അനുഭാവ വൃത്തത്തെക്കുറിച്ച്

 

The better angels of our nature എന്ന ഗ്രന്ഥത്തില്‍, “അനുഭാവ വൃത്തം” (circle of empathy) എന്നൊരു ആശയത്തെ പ്രതിപാദിക്കുന്നുണ്ട് , സ്ടീവന്‍  പിങ്കര്‍. .താന്‍ , തന്‍റെ കുടുംബം, പരിചയക്കാര്‍, അപരിചിതര്‍…അങ്ങിനെയങ്ങിനെ പക്ഷിമൃഗാദികളിലേക്കടക്കം വികസിച്ചു വളരാവുന്നതാണ് ഓരോ ആളുടെയും അനുഭാവവൃത്തം. അനുഭാവവൃത്തം വികസിക്കുന്നതിനനുസരിച്ച് ഓരോ  വിഭാഗത്തിനും അവകാശങ്ങള്‍ ഉണ്ടെന്നത് തിരിച്ചറിയാനും അതിനായി വാദിക്കാനും നാം തയാറാവുകയും ചെയ്യും. അനുഭാവ വൃത്തം എന്നത് അവകാശവൃത്തവും കൂടിയാണ് എന്നര്‍ത്ഥം. അങ്ങിനെ നോക്കുമ്പോള്‍, . പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് എന്ന് “പി സി. വിരുദ്ധ”രാല്‍   അധിക്ഷേപിക്കപ്പെടുന്ന   മനോഭാവങ്ങളും ഭാഷാ രീതികളും, വികസിതമാകുന്ന ‘അനുഭാവവൃത്ത’ത്തിന്റെ (Circle of empathy) സ്വാഭാവിക ഫലമാണ് എന്ന് കാണാം. അത്തരം  മനോഭാവങ്ങളും ഭാഷാരീതികളും  പി.സി വിരുദ്ധസുഹൃത്തുക്കള്‍ക്ക്   പഥ്യമാവാത്തത് , ഒരു പക്ഷെ , അവരുടെ എമ്പതി വൃത്തവും അവര്‍  വിമര്‍ശിക്കുന്നവരുടെ  വൃത്തവും സമാനമല്ലാത്തതിനാല്‍  ആവാം !

Leave a Reply

Your email address will not be published. Required fields are marked *

*