കാളിയുടെ രക്തദാഹം ! – ചിത്രകാരൻ ടി. മുരളി
വായനക്കാര്‍ ശ്രദ്ധിക്കുക:
ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന അസുഖമുള്ളവർ ഈ പോസ്റ്റ് വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.
കേരളത്തിൽ അടുത്ത കാലം വരെ കാളി എന്നുള്ള പേര് വളരെ പ്രിയമുള്ളതും പ്രചാരമുള്ളതുമായിരുന്നു. ധനികരും ദരിദ്രരുമടക്കമുള്ള എല്ലാ സമുദായക്കാർക്കിടയിലും കാളി എന്ന പേര് ഉണ്ടായിരുന്നു.
കാളി കാവുകളും, കാളിയുടെ അമ്പലങ്ങളും കൊണ്ട് കേരളം ഇപ്പോഴും നിബിഡമാണല്ലോ. കാളി, ഇരുനിറക്കാരായ ഇന്ത്യൻ ദ്രാവിഡ സംസ്ക്കാരത്തിന്റെയും സത്രീത്വത്തിന്റെയും മഹനീയമായ ചരിത്രമുള്ള ഒരു കാരുണ്യ സ്ങ്കൽപ്പമായിരുന്നിരിക്കണം.
കുരു + അംബയായ കുരുമ്പക്കാവുകളിലെ മണിമേഖലയെ പോലുള്ള ബുദ്ധഭിക്ഷുകിമാരുടെയും ജൈന ധർമ്മത്തിലെ പത്തിനി ദേവിയുടെയും ചിലപ്പതികാരത്തിലെ കണ്ണകിയുടെയും സ്ത്രീ-സ്നേഹശക്തിയുടെ, ധാർമ്മികതയുടെ ഒരു സമാഹാരമാണ് നമ്മുടെ കാളിദേവീ സങ്കൽപ്പം. അത് നന്മയാണ്, അഹിംസയാണ്, കാരുണ്യമാണ്, സ്നേഹമാണ്. ശ്രമണ ചിന്താധാരകളായ ബൗദ്ധ-ജൈന ധർമ്മങ്ങളോടാണ് കാളിക്ക് ബന്ധമുള്ളത്. അതുകൊണ്ടാണ് വിസ്മൃത ബൗദ്ധ ജനതയായ പിന്നോക്ക – ദളിത ജനവിഭാഗം തങ്ങളുടെ ഇഷ്ടദേവതയായും അമ്മദൈവ സങ്കൽപ്പമായുമുള്ള കാളീനാമം സ്വന്തം പേരുകളായി ഉപയോഗിച്ചിരുന്നത്.
കാർഷിക സംസ്ക്കാരത്തോടനുബന്ധിച്ചുള്ള സമൂഹത്തിലെ കാരുണ്യവതികളും മഹത്വമുള്ളവരുമായ ഇന്ത്യൻ സ്ത്രീ സങ്കൽപ്പത്തെ, രക്തദാഹിയും ഹിംസയുടെ ഏറ്റവും ഭീഭത്സമായ, ശക്തിസ്വരൂപിണിയായ ഭദ്രകാളീ രൂപവുമാക്കി, സമൂഹത്തിലെ എല്ലാ ഹിംസയുടെയും പ്രഭവകേന്ദ്രമാക്കി, ഭദ്ര കാളി സങ്കൽപ്പത്തെ വികൃതമാക്കി ഉടച്ചുവാർത്ത ബ്രാഹ്മണ പൗരോഹിത്യത്തിന്റെ കുടില വംശീയ ലക്ഷ്യങ്ങളെ തിരിച്ചറിയാൻ കാളി, ഭദ്രകാളിയായ സാഹചര്യം നാം പഠിക്കേണ്ടതുണ്ട്.

രക്തബീജൻ
ബ്രാഹ്മണരുടെ വെറും ഒരു യക്ഷിക്കഥയായ ഭദ്രകാളീ സങ്കൽപ്പം, പരമശിവന്റെ ഭാര്യ കൂടിയായ പാർവ്വതിയുടെ ഏറ്റവും ഹിംസാത്മകമായ മൂർത്തീ രൂപവുമാണ്.
നന്മയുടെയും സ്നേഹത്തിന്റെയും മാതൃത്വത്തിന്റെയും സ്ത്രീ മനസ്സിനെ സംസ്ക്കാര ശൂന്യമായ പുരുഷ കാമനകളുടെ ഹൃദയം വച്ചു പിടിപ്പിച്ച്, എല്ലാ തിന്മകളെയും ഹിംസയേയും കുത്തി നിറച്ച നോക്കുകുത്തിയായി രൂപപ്പെടുത്തിയപ്പോൾ സംഭവിച്ചുപോയ ഒരു വികൃതരൂപമാണ് ഭദ്രകാളിക്കുള്ളത്.
സത്യത്തിൽ, ബൗദ്ധ-നാഗരുടെ ഭഗവാൻ സങ്കൽപ്പമാക്കപ്പെട്ട ശിവനെ മനപ്പൂർവ്വം ഒഴിവാക്കി, ബ്രഹ്മണ്യ പൗരോഹിത്യ വംശീയ ജാതി രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റാനായി, ഇന്ത്യൻ ജനഹൃദയത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ കാളിയെ തങ്ങളുടെ ഹിംസത്മക പ്രവർത്തനങ്ങളുടെ മറയാക്കുകയാണ് ബ്രാഹ്മണ പൗരോഹിത്യം ചെയ്തിരിക്കുന്നത്.
അതിനായി ധാരാളം അസുരന്മാരെയും രാക്ഷസന്മാരെയും ഭദ്രകാളി കൊന്നതായി ബ്രഹ്മണ്യം തിരക്കഥകളെഴുതിയിട്ടുണ്ട്. അതിൽ, ഏറ്റവും രസകരവും നാടകീയവുമായ കോമിക്സ് കഥയാണ് ‘രക്തബീജൻ’ എന്ന അസുരനെ കൊല്ലാനായി ഭദ്രകാളിക്കു ലഭിച്ച ക്വട്ടേഷൻ.
രക്തബീജന് ഒരു പ്രത്യേകതരം വരം കിട്ടിയിട്ടുണ്ടത്രേ ! കക്ഷിയുടെ ഓരോ രക്തത്തുള്ളി ഭൂമിയിൽ വീഴുമ്പോഴും, ക്ഷണനേരം കൊണ്ട് രക്തബീജന്റെ അതേ രൂപത്തിലും ഭാവത്തിലും ആയുധ ശക്തിയിലുമുള്ള ഒരു ക്ലോൺ അവതാരമെടുക്കും. ആയിരം തുള്ളി രക്തം ഭൂമിയിൽ വീണാൽ ആയിരം രക്തബീജമാരുള്ള വൻ സൈന്യമായി എന്നോർക്കണം.
ആ ഭാവനാവിലാസത്തെ നമ്മൾ നമിക്കണം.
ആധുനിക ശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തുന്ന ഈ ടിഷ്യൂ കൾച്ചർ ഭാവനാശേഷിയെ നേരിടാനുള്ള വിദഗ്ദ ബുദ്ധിമതിയായാണ് ഭദ്രകാളിയെ ബ്രാഹ്മണ്യം അവതരിപ്പിച്ച്, ഭക്തരെ സ്തബ്ദരാക്കുന്നത്.
സത്യത്തിൽ ആരെങ്കിലും ഹിംസ പ്രവർത്തിച്ചാൽ ലോക മനസ്സാക്ഷി ഉണർത്തി, ഹിംസയെ ധാർമ്മികതയാൽ ജനകീയമായി പ്രതിരോധിക്കുന്ന ജനാധിപത്യ സാംസ്ക്കാരികതയായ ബുദ്ധ ധർമ്മത്തെ തന്നെയാണ് രക്തബീജൻ എന്ന രാക്ഷസനായി ബ്രാഹ്മണ്യം പ്രതീകവൽക്കരിച്ചിരിക്കുന്നത്.
ബുദ്ധ ധർമ്മത്തെ പ്രതിരോധിക്കാനായി ബ്രാഹ്മണ്യം കളത്തിലിറക്കുന്ന ഭദ്രകാളി, കഴുത്തറുക്കപ്പെട്ട രക്തബീജന്റെ ഓരോ ക്ലോൺ ശരീരത്തിൽ നിന്നും ഭൂമിയിലേക്ക് വീഴുന്ന രക്തം തന്റെ ഇടത്തെ കയ്യിലെ പാത്രത്തിൽ ശേഖരിക്കുകയോ ചീറ്റി തെറിച്ചുവീഴുന്ന രക്തത്തെ തന്റെ അടങ്ങാത്ത ദാഹം തീർക്കാൻ രക്തപാനം നടത്തുകയുമാണ് ചെയ്തതത്രേ !
അവസാനം… രക്തം കുടിച്ചു തീർത്ത് ചണ്ടിയായ രക്തബീജന്റെ (ബൗദ്ധ) തലകൾ കോർത്തു കെട്ടി മാലയുണ്ടാക്കി അണിഞ്ഞും, രക്ത ബീജന്റെ അറുത്തെടുത്ത അനേകം കൈകൾ തുന്നിക്കൂട്ടി നാണം മറയ്ക്കാനുള്ള വസ്ത്രം ധരിച്ചും, (പോസ്റ്റിനോടൊപ്പമുള്ള ഈ ചിത്രകാരന്റെ ഹിംസയുടെ വേഷവിധാനങ്ങൾ /costumes of violance എന്ന പെയിന്റിംങ്ങ് കാണുക. അതിലെ അറുത്തെടുത്ത ബുദ്ധ തലകൾ ശ്രദ്ധിക്കുക.) ചോരയൊലിക്കുന്ന രക്തബീജന്റെ മറ്റൊരു തല ഇടത്തെ കയ്യിൽ തൂക്കിയെടുത്ത് അതിൽ നിന്നും ഇറ്റി വീഴുന്ന രക്തത്തുള്ളികൾ ഇടതുഭാഗത്തു തന്നെയുള്ള മറ്റൊരു എക്സ്ട്ര കയ്യിലേന്തിയ പാത്രത്തിൽ ശേഖരിച്ചുകൊണ്ട് ഭദ്രകാളി നിൽക്കുന്നതു കണ്ടാൽ ഏതു ഭക്തനും ഐതിഹ്യമെഴുതിയവന്റെ ഭാവനാ വിലാസത്തിന്റെ ശക്തിയാൽ കോരിത്തരിച്ചു പോകും. (അടിമത്വത്തിന്റെ ആത്മസായൂജ്യമാണ് ഭക്തി. അതിനായി ഏതുവഴിയും പൗരോഹിത്യം സ്വീകരിക്കും.)
എന്നിട്ടും, മൂപ്പത്യാരുടെ കലി അടങ്ങുന്നില്ല; രക്ത ദാഹം തീരുന്നില്ല ! കലിയടങ്ങാതെ വഴീൽ കണ്ടവരെയെല്ലാം കഴുത്തറുത്ത് രക്തം കുടിച്ചിട്ടും, ദാഹം തീരാതെ, ഒരു പ്രത്യേക തരം മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട് ഭ്രാന്തിയെ പോലെ ഭദ്രകാളി ഓടി നടന്നപ്പോൾ, ഹസ്ബന്റായ ശിവ ഭഗവാൻ വഴീൽ നിലത്ത് ചത്തതുപോലെ കെടക്കുകയും രക്തദാഹിയായ കാളി ശിവന്റെ മാറിൽ ചവിട്ടാൻ ഇടയായതിനെ തുടർന്ന് തന്റെ സ്വബോധം വീണ്ടെടുത്ത് അടങ്ങി, ഒതുങ്ങി, കുലസ്ത്രീയായി, രവിവർമ്മ ഈയ്യിടെ വരച്ചു കൊടുത്ത ആധുനിക സെറ്റ്സാരിയും ബ്ലൗസും ധരിച്ച് പാർവ്വതീരൂപിയായി തണുത്തുറഞ്ഞ്, ശിവന്റെ കൂടെ കൈലാസത്തിലെ വീട്ടിലേക്കു പോയി എന്നൊക്കെയാണ് ഈ രക്തബീജ കഥ !
കൊടുങ്ങല്ലൂർ അമ്പലം കീഴടക്കുന്ന ഭദ്രകാളിപ്പട !
സ്ത്രീകളെപ്പോലും ഹിംസാത്മക സമൂഹ്യ അധീശ്വത പ്രവർത്തനത്തിനായുള്ള ഉപകരണങ്ങളാക്കി, കൂട്ടക്കൊലകളിലും അക്രമങ്ങളിലും അണിനിരത്തുന്ന സ്ത്രീ വെളിച്ചപ്പാടുകളുടെ സൈന്യത്തെ തന്നെ കൊടുങ്ങല്ലൂർ കാവുതീണ്ടൽ ഉത്സവത്തിൽ കാണാം. കൊടുങ്ങല്ലൂർ രാജാവിന്റെ നേരിട്ടെഴുന്നള്ളിയുള്ള ആജ്ഞാനുസരണം (ചെമ്പു മേൽക്കൂരയും ഇരുമ്പ് റെയിലിങ്ങുമുള്ള ) അമ്പലം അടിച്ചു പൊളിക്കുന്ന ഗോത്ര സമൂഹ സൈന്യ രൂപത്തിലുള്ള ഭക്തരെ കൊടുങ്ങല്ലൂർ കുർബക്കാവ് ഭരണി ഉത്സവത്തിൽ ആർക്കും നേരിൽ കണ്ട്, ഇന്നും ബോധ്യപ്പെടുന്ന വിധം ചോര ഒഴുകുന്ന ഹിംസ അനുഷ്ഠാനമായി നില നിൽക്കുന്നത് കേരളത്തിൽ തന്നെ കാണാം. നൂറു കണക്കിന് സ്ത്രീ – പുരുഷ വെളിച്ചപ്പാടുകളാണ് ഓരോ വർഷവും കാവുതീണ്ടൽ ചടങ്ങിനായി സ്ഥിരമായി ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്.
പൊങ്ങിലിടിയും ചേകോന്മാരുടെ തലകളും
ഇളനീര്‍ തേങ്ങ മനുഷ്യന്റെ തലയോടിന്റെ ആകൃതിയില്‍ ഭംഗിയായി ചെത്തിയെടുത്ത്, മന്ത്രവാദികള്‍ രക്തവര്‍ണ്ണത്തിനായി ഉപയോഗിക്കുന്ന “ഗുരുസി”(ഗുരുതി) എന്ന ചുവന്ന ലായനി ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്ന ഒരു ആചാരം കേരളത്തിലെ ഭദ്രകാളീ കാവുകളില്‍ അടുത്തകാലം വരെ നിലനിന്നിരുന്നു. ബ്രാഹ്മണ പൌരോഹിത്യം ആചാരവല്‍ക്കരിച്ച് നടപ്പാക്കിയിരുന്ന ഈ ദുരാചാരത്തിന്റെ പേരാണ് “പൊങ്ങിലിടി”.
ദേശഭേദമനുസരിച്ച് ചിലയിടങ്ങളില്‍ “കൊങ്ങിലിടി” എന്നും ഈ വഴിപാട് അറിയപ്പെട്ടിരുന്നു. കാളീക്ഷേത്ര മുറ്റത്ത് വർഷത്തിലൊരിക്കൽ, പാതിരാത്രി നേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല. മനുഷ്യ ശിരസ്സിന്റെ പ്രതീകമായാണ്, ഇതിനായി തയ്യാറാക്കുന്ന ഇളനീര്‍ തേങ്ങ കണക്കാക്കപ്പെടുന്നത്. ഗുരുസി എന്ന ചുവന്ന ലായനി മനുഷ്യ രക്തത്തിന്റെ പ്രതീകവും.
ഉരലില്‍ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയ ഇളനീര്‍ തേങ്ങയും ഗുരുസിയുമൊഴിച്ച് ഉലക്കകൊണ്ട് ഇടിച്ചു ചതക്കുമ്പോള്‍ രക്തവര്‍ണ്ണമുള്ള ഗുരുസി ഇടിക്കുന്ന ശൂദ്ര സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ കാളിയുടെ അനുഗ്രഹമായി, പുണ്ണ്യമായി കരുതിയിരുന്നു. ഭദ്രകാളി അമ്പലങ്ങളിൽ വളരെ ഭീകരാന്തരീക്ഷത്തിൽ അട്ടഹസിച്ചുകൊണ്ടും മന്ത്രം പോലുള്ള പാട്ടു പാടിയും നടത്തുന്ന ക്രൂരമായ ഒരു അനുഷ്ഠാനമാണിത്.
“കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍
ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍
കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍
കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍…….”
എന്നിങ്ങനെയുള്ള, കാളിയെ പ്രകീര്‍ത്തിക്കുന്ന പാട്ടും അട്ടഹസിക്കുന്ന നാമജപ മന്ത്രങ്ങളുമൊക്കെ ഉരുക്കഴിച്ച്കൊണ്ടാണ് പൊങ്ങിലിടി നടത്തുക.
പണ്ടുകാലത്തെ ബ്രാഹ്മണരുടെ സംബന്ധ-ലൈംഗീക പങ്കാളികൾ കൂടിയായിരുന്ന വിശ്വസ്തകളായ ശൂദ്ര (നായര്‍) ജാതിയിൽപ്പെട്ട സ്ത്രീകള്‍ മാത്രമാണ് ഈ ഭീഭത്സമായ ചടങ്ങില്‍ പങ്കെടുക്കുക. സ്വന്തം വീട്ടില്‍ നിന്നും ഇതിനായി ഉരലും ഉലക്കയുമായി ഭദ്രകാളി – കാവിലെത്തുന്ന ശൂദ്ര സ്ത്രീകള്‍ക്ക് തലയോട്ടിയുടെ ആകൃതിയിൽ ചെത്തിയെടുത്ത തേങ്ങയും, ഗുരുസിയുമൊക്കെ ക്ഷേത്രത്തില്‍ നിന്നും പുരോഹിതര്‍ തന്നെ വിതരണം നടത്തും.
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത്, മണ്ഡലകാല അവസാന ദിവസമാണത്രേ കുന്നംകുളത്തിനടുത്ത് (ശ്രദ്ധിക്കുക: ബൌദ്ധമായ ശബരിമല ധർമ്മശാസ്താവിന്റെ വിശ്വാസികള്‍ക്ക് മണ്ഡലകാലം പ്രാധാന്യമേറിയതാണ്.) “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം ശൂദ്ര സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരുന്നതായി “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. (ഒന്നാം വോള്യം, അദ്ധ്യായം-1 ൽ, പേജ്: 22, 23, 24. മൂന്നാം പതിപ്പ് 2007, പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം.)
കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും, മറ്റു പല കാളി ക്ഷേത്രങ്ങളിലും ഇത് നടന്നിരുന്നതായും അടുത്ത കാലത്ത് അതെല്ലാം നാമാവശേഷമായി തീർന്നിരിക്കയാണെന്നും അദ്ധേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
നായന്മാര്‍ വളരെ പ്രാകൃതരായിരുന്നെന്നും, ബ്രാഹ്മണ സംസര്‍ഗ്ഗത്താലാണ് നായന്മാര്‍ കുറച്ചെങ്കിലും പരിഷ്കൃതരായതെന്നും സ്ഥാപിക്കാനാണ് ഗ്രന്ഥകാരനായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആഗ്രഹിച്ചതെങ്കിലും, പൊതുസമൂഹത്തില്‍ നിന്നും മറച്ചുവക്കപ്പെട്ട ചില സവർണ്ണ അത്യചാരങ്ങളായ ദുരാചാരങ്ങളെ കുറിച്ചുള്ള, രക്തത്തിൽ കുതിർന്ന സത്യങ്ങള്‍ പുറത്തുവരാന്‍ അദ്ദേഹത്തിന്റെ വിവരണം സഹായിച്ചിരിക്കുന്നു.
ബ്രാഹ്മണ്യ വംശീയ സവർണ്ണ മതത്തിന്റെ ഇരകളായ നായന്മാര്‍ (ശൂദ്രര്‍)
സത്യസന്ധമായ ചരിത്രം നമ്മുടെ പാഠ്യവിഷയമാക്കാത്തതു കൊണ്ടാകാം ജാതീയ ദുരഭിമാനം ബ്രാഹ്മണരെക്കാള്‍ എത്രയോ മടങ്ങായി, ഇന്നത്തെ നായരിൽ പോലും കാണാറുണ്ട്. കാരണം, അത്രയും നീചമായിരുന്ന ബ്രാഹ്മണ ജാതീയ അടിമത്വം, തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിച്ചു അനുഭവിച്ച ജനതയായിരുന്നു നായന്മാർ. ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പാണ് തങ്ങളുടെ ജാതിപ്പേരായ ‘ശൂദ്രൻ’ എന്ന സവര്‍ണ്ണ നാമം (ജാതിപ്പേര്‍) ‘നായര്‍’ എന്നാക്കി മാറ്റാനായി ”ശൂദ്ര ഭൃത്യജന സംഘത്തിന്‍റെ” (NSS ന്റെ നൂറു വർഷം മുമ്പുള്ള പേര്) ആഭിമുഖ്യത്തില്‍ നിവേദനങ്ങളുമായി തിരുവിതാംകൂറിലെ (ശൂദ്ര) മഹാരാജാവിന്റെ മുന്നില്‍ അവര്‍ക്ക് കാത്തുനിൽക്കേണ്ടി വന്നത് !! ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ വെറും പാവകളായ ശൂദ്ര മഹാ രാജാക്കന്മാര്‍ക്ക് ബ്രാഹ്മണരുടെ സമ്മതമില്ലാതെ ജാത്യാചാരം ലംഘിക്കാനോ ജാതിപ്പേര് തിരുത്താനോ രാജഭരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുവരെ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ശൂദ്രൻ എന്ന പേര് നായര്‍ എന്നാക്കി കിട്ടാന്‍ സാമുദായിക നേതാക്കൾക്ക് കുറെ വർഷങ്ങളോളം കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്.
ചരിത്രപരമായി, ബ്രാഹ്മണരുടെ ദാസ്യ ജോലിക്കാരാവുന്നതിന് മുമ്പുള്ള ശൂദ്രരുടെ പൈതൃകം മോശമായിരുന്നില്ല.
1200 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കേരളത്തിന്‍റെ ഒരു മിത്തായ മഹാബലിയെപ്പോലുള്ള നന്മനിറഞ്ഞ പുലയ ഭരണാധികാരികളുടെ (ചേരമാൻ പെരുമാളിന്റെ) കീഴില്‍ ആദരണീയമായ കവികളുടെയും കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും മഹത്തായ ചരിത്രമുള്ള ചേര മക്കളിലെ പറയ-പാണ വിഭാഗത്തില്‍ നിന്നുമാണ് ശൂദ്ര ജാതിയെ നിന്ദ്യവും ക്രൂരവുമായ ജാതീയ അടിമത്തത്തിലൂടെ ബ്രാഹ്മണര്‍ നിര്മ്മിച്ചെടുക്കുന്നത്. (ബ്രാഹ്മണര്‍ എട്ടാം നൂറ്റാണ്ടിന് ശേഷമുള്ള ചരിത്രം നശിപ്പിക്കാനായി തട്ടിക്കൂട്ടി തയ്യാറാക്കിയ അനേകം പുരാണ കള്ള-കഥകളിലൊന്നായ, ‘പറയി പെറ്റ പന്തിരുകുലം’ കഥയില്‍ ഒരു പറയ സ്ത്രീയിൽ ബ്രാഹ്മണനുണ്ടായ മക്കളായി കേരളത്തിലെ ജാതീയതയെ പ്രതീകാത്മകമായി അവതരിപ്പിച്ചതായി കാണാം. പൗരോഹിത്യ വംശീയത ചരിത്രത്തെ, അത്ര വിദഗ്ദമായി നശിപ്പിച്ചിട്ടും, സത്യത്തിന്റെ ഫോസിലായി, സൂചനയായി, കാലം കുറച്ചെങ്കിലും സത്യം ശ്രദ്ധിക്കപ്പെടാതെ സൂക്ഷിച്ചു വെക്കുന്നതാകാം.
നരാധമമായ ഹിംസാത്മക ഗുണ്ടാ പ്രവര്‍ത്തനത്തിനായി, ബ്രാഹ്മണ വംശീയ തന്ത്രത്തിന്റെ ഭാഗമായി (താന്ത്രികം) നിര്‍മ്മിച്ചെടുത്ത നായന്മാരുടെ അടിമക്കൂട്ടത്തെ തങ്ങളുടെ കാവൽ നായ്ക്കളായി, സാമൂഹ്യമായും ജാതീയമായും വാർത്തെടുക്കാതെ, ഒരു പരാന്നജീവി സമൂഹമായിരുന്ന വൈദിക പൌരോഹിത്യ വംശീയ രാഷ്ട്രീയമായ ബ്രാഹ്മണ്യത്തിനു സാമൂഹ്യ മേധാവിത്വം നിലനിർത്തുക സാധ്യമായിരുന്നില്ല. ബൗദ്ധരുടെയും, ജൈനരുടെയും സവർണ്ണ മതത്തിലെ പര്യായങ്ങളായ ക്ഷത്രിയ, വൈശ്യ വിഭാഗങ്ങൾ കേരളത്തില്‍ വേണ്ടെന്ന്‍ മലയാളി ബ്രാഹ്മണര്‍ തീരുമാനിച്ചതും വളരെ ബുദ്ധിപരമായ തന്ത്രമായിരുന്നിരിക്കണം.
ഡ്യൂപ്ലിക്കേറ്റ് ക്ഷത്രിയ പദവിയായ ‘വർമ്മ’
വമ്പിച്ച അളവിൽ സ്വർണ്ണം ബ്രാഹ്മണർക്ക് ദാനം ചെയ്യേണ്ട ബാധ്യതയുള്ള ഹിരണ്യഗർഭം എന്ന സ്വർണ്ണക്കൊള്ളക്ക് ബദലായി മാത്രമാണ് കേരളത്തിലെ ശൂദ്ര രാജാക്കന്മാർക്ക് ഡ്യൂപ്ലിക്കേറ്റ് ക്ഷത്രിയ പദവിയായ ‘വർമ്മ’ സ്ഥാനം ബ്രാഹ്മണ്യം അനുവദിച്ചു നൽകിയിരുന്നത്. തിരുവിതാം കൂറിലെ ഏതാനും നായർ രാജാക്കന്മാർക്ക് മാത്രമേ ആ ബ്രാഹ്മണ ഔദാര്യം പോലും ലഭിച്ചിരുന്നുള്ളു. അതായത്, നമ്മുടെ ചുറ്റും യഥേഷ്ടം കാണുന്ന ‘വർമ്മ’ ജാതി വാലന്മാർ ആരുംതന്നെ ബ്രാഹ്മണ വിധി പ്രകാരം ‘ഹിരണ്യഗർഭം’ നടത്തിയ ഡ്യൂപ്ലിക്കേറ്റ് ക്ഷത്രിയനായ വർമ്മ പോലും അല്ലെന്ന് സാരം. ജനങ്ങളുടെ അറിവില്ലായ്മയെ ജാതിയമായി ചൂഷണം ചെയ്തുള്ള ഒരു അശ്ലീല ജാതി ഞെളിയലാണ് വർമ്മ ! (കൂടുതൽ അറിയാൻ ചിത്രകാരന്റെ ഹിരണ്യഗർഭ പോസ്റ്റ് നോക്കുക.)
തങ്ങളുടെ ദാസ്യവൃത്തിക്കായി ബ്രാഹ്മണര്‍ തിരഞ്ഞടുത്ത നായർ ജാതി വിഭാഗത്തെ നരാധമമായ ഹിംസാത്മക ജോലികള്‍ മനസാക്ഷികുത്തില്ലാതെ നിര്‍വ്വഹിക്കാനായി ധാരാളം ആചാരങ്ങളും പുരാണങ്ങളും ഏര്‍പ്പെടുത്തിയതായി കാണാം. അതിന്റെ അവസാനത്തെ ചടങ്ങു മാത്രമായിരുന്നു കാളീ അമ്പലങ്ങളിലെയും കാവുകളിലേയും പൊങ്ങിലിടി. എന്നാൽ, പൊങ്ങിലിടിക്കു മുമ്പുള്ള ക്രൂരമായ ചടങ്ങുകളും ആചാരങ്ങളും എന്തായിരുന്നെന്ന് നോക്കാം.
തീണ്ടല്‍, തൊടീല്, തീണ്ടാപ്പാട്, അയിത്തം.
എന്തുകൊണ്ടാണ് പോങ്ങിലിടി എന്ന മനുഷ്യത്വ രഹിത ആചാരം ബ്രാഹ്മണ പൌരോഹിത്യം നടപ്പിലാക്കിയത് എന്ന് മനസ്സിലാകണമെങ്കില്‍ തീണ്ടല്‍, തൊടീല്, തീണ്ടാപ്പാട്, അയിത്തം തുടങ്ങിയ ആചാരങ്ങള്‍ എന്താണെന്നും എന്തിനാണെന്നും അറിയേണ്ടതുണ്ട്. ബ്രാഹ്മണരുടെ മുടിഞ്ഞ വൃത്തി ബോധാമാണ് അത്തരം ആചാരങ്ങളുടെ ഉത്ഭവത്തിനു ആധാരം എന്ന വാദം കുറ്റകരമായ നിഷ്ക്കളങ്കതയാണ്. അതിലേക്കു പോകുന്നതിനു മുന്‍പ് ഈ ആചാരങ്ങളെ മനസ്സിലാക്കാം.
ബ്രാഹ്മണര്‍ തങ്ങളുടെ ജാതീയ വ്യവസ്ഥിതി സമൂഹത്തില്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയപ്പോള്‍ ഓരോ ജാതിക്കാരും ചെയ്യേണ്ട ജോലി എന്തെന്നും അവരുടെ ജീവിതരീതി എങ്ങനെ ആയിരിക്കണം എന്നും കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ജാതി അടിമത്വത്തിന്റെ കീഴിലെ ജീവിതം പരസ്പ്പരം കൂടിക്കലര്‍ന്ന്‍ ജാതി നുകത്തില്‍ നിന്നും അടിമകള്‍ രക്ഷപ്പെട്ട് ബ്രാഹ്മണ മേധാവിത്വത്തിനു വെല്ലുവിളി ആകാതിരിക്കാന്‍ ഓരോ ജാതികള്‍ക്കും പെട്ടെന്ന് തിരിച്ചറിയാനുള്ള ഹെയര്‍ സ്റ്റൈലും (കുടുമ), പൂണൂലും വേഷഭൂഷാധികളും മാറ് മറക്കാതിരിക്കലും കുടാ, വടി തുടങ്ങിയ അടയാളങ്ങളും കൃത്യമായി നിഷ്ക്കര്ഷിച്ച് തങ്ങളുടെ വളര്‍ത്തു പട്ടികളോളം ജാതീയഅടിമകളായി നിജപ്പെടുത്തിയ ശൂദ്ര രാജാക്കന്മാരെക്കൊണ്ട് സാമൂഹ്യ നിയമമായി അവ നടപ്പിലാക്കിക്കുകയാണ് ബ്രാഹ്മണ്യം ചെയ്തിരുന്നത്. ബ്രാഹ്മണനും അവന്‍റെ വിശുദ്ധ പശു രാഷ്ട്രീയത്തിനും താഴെയുള്ള ശൂദ്ര രാജാക്കന്മാര്‍ അടക്കമുള്ള എല്ലാ അടിമ ജാതികള്ക്കും ബ്രാഹ്മണരിൽ നിന്നും അകന്നു നില്‍ക്കേണ്ട ദൂരം വളരെ കണിശമായിരുന്നു.
തീണ്ടല്‍ ദൂരം
നമ്പൂതിരി-ബ്രാഹ്മണരില്‍ നിന്നും നായര്‍ 16 അടി ദൂരവും ഈഴവന്‍ (ചേകവൻ) 32 അടി ദൂരവും (ചേരമാന്‍ പെരുമാളിന്‍റെ ബന്ധുവായ) പുലയന്‍ 64 അടി ദൂരവും മാറി നില്ക്കണമായിരുന്നു. പൊതു ജീവിതത്തിൽ ജാതീയ അകലം തിരശ്ചീനമാണെങ്കിലും മാനവിക മൂല്യ തലത്തില്‍ പുലയനില്‍ നിന്നുള്ള 64 അടി ദൂരം ബ്രാഹ്മണനെ സമൂഹത്തിന്‍റെ ഉന്നതമായ തലത്തിലേക്ക് ഉയര്‍ത്തുകയും പുലയനെ 64 അടി താഴ്ച്ചയുള്ള ‘പാതാളത്തിലേക്ക് ‘ ചവിട്ടി താഴത്തുകയും ചെയ്തിരുന്നു. (മഹാബിലിയെ ഓർക്കുക.)
ബ്രാഹ്മണന്റെ ഭൃത്യനായിരുന്ന നായരിൽ നിന്നും ഈഴവന്‍ 16 അടിയും പുലയന് 32 അടിയും അകന്നു നില്ക്കണം. ഈഴവനില്‍ നിന്നും പുലയന്‍ ആറടിയെങ്കിലും മാറി നില്ക്കണം. ഉള്ളാട ജാതിക്കാരെ വളരെ ദൂരെ നിന്നും കണ്ടാൽ പോലും ബ്രാഹ്മണർക്ക് ആയിത്തമാകും.
പരസ്പ്പരമുള്ള ഈ ജാതീയ ദൂരത്തിന്റെ പരിധി/ അതിർത്തി ലംഘിച്ച് ആരെങ്കിലും അടുത്തുപോയാൽ ഉയർന്ന ജാതിക്കാരന് ആയിത്തമായി. പരസ്പ്പരം തൊട്ടുപോയാല്‍ “തൊടീല്‍” ആയി.
മേൽ ജാതിക്കാരന് കുളിയും പുണ്ണ്യഹവും നടത്തിയാല്‍ അയിത്തം മാറിക്കിട്ടും. എന്നാല്‍, അയിത്തത്തിനു കാരണക്കാരായ (നിയമ ലംഘകരായ / അസവർണ്ണർ) വിവിധ കുലത്തൊഴിൽ ജാതിക്കാര്‍ ബ്രാഹ്മണ ശാപത്തിനും കോപത്തിനും ശൂദ്ര രാജാവിന്‍റെ ശിക്ഷക്കും വിധേയമായിരുന്നു.
ജാതീയ നീതി ബോധത്തിന്‍റെ ഈ തീണ്ടല്‍ നിയമം ഉപയോഗിച്ച് കുറ്റവും ശിക്ഷയും നടപ്പാക്കിക്കൊണ്ട് വിസ്മൃത ബൌദ്ധരരായ പൊതുജനങ്ങളുടെ സാമൂഹ്യ പദവികളും സ്വത്തും സ്വാധീനവും അംഗസംഖ്യയും നിയന്ത്രിക്കാനായി പതിനൊന്നാം നൂറ്റാണ്ട് മുതലെങ്കിലും തങ്ങള്‍ക്കു വിധേയരാകാത്തവരുടെ തല അരിഞ്ഞെടുക്കണമെന്ന ബ്രാഹ്മണ നിർദ്ദേശം നായന്മാര്‍ക്ക് അനുസരിക്കേണ്ടി വന്നിരിക്കാം.
ദക്ഷിണ കേരളത്തിൽ ഏറെ പ്രചാരമുണ്ടായിരുന്ന ചില പഴഞ്ചൊല്ലുകൾ നോക്കുക. :
1) “ഇഞ്ചത്തലയും ഈഴ തലയും എത്രയും ചതച്ചാല് അത്രയും നന്ന്‍”
2) ” ഇഞ്ചത്തലയും ഈഴ തലയും നീളുമ്പോള്‍ കൊത്തണം”
3) ” ഇഞ്ചത്തലയും ഈഴ തലയും വളര്‍ത്തരുത്”
(‘പഴഞ്ചൊല്‍ പ്രപഞ്ചം എന്ന ബ്രഹത് ഗ്രന്ഥത്തില്‍ ഗ്രന്ഥകാരനായ പ്രൊ. പി.സി.കര്‍ത്ത ഈ മൂന്ന് പഴഞ്ചൊല്ലുകൾക്ക് നല്‍കിയിരിക്കുന്ന വ്യാഖ്യാനം : “ഇഞ്ച പടര്‍ന്നു കയറും; ഈഴവന്മാര്‍ അഭിവൃദ്ധിപ്പെടാന്‍ അനുവദിക്കരുത്” എന്നാണ്. ആദ്യ പ്രസിദ്ധീകരണം: 1966. First DCB എഡിഷൻ 1997, 5th impression July 2010.പേജ്: 109.)
ഇത്തരം പഴം ചൊല്ലുകൾ സവർണ്ണാധികാരത്തിൻ കീഴിൽ മലയാളത്തില്‍ ഉണ്ടാകാന്‍ കാരണം തന്നെ വിസ്മൃത ബൌദ്ധരായ ഈഴവരുടെ തല കൊത്തലും കഴുവേറ്റലും കേരളത്തിൽ സവര്‍ണ്ണത ഒരു ദൈനംദിന അനുഷ്ഠാന-ആചാരമായി (നായരുടെ തൊഴിൽ) തന്നെ കൊണ്ടാടിയിരുന്നു എന്നതിന്‍റെ തെളിവാണ്.
ഇങ്ങനെ, ചേകോന്മാരായ ഈഴവരെ (ബൌദ്ധരെ) സാമ്പത്തികമായോ സാംസ്കാരികമായോ അഭിവൃദ്ധിപ്പെടാൻ അനുവദിക്കാതെ, നിരന്തരം നശിപ്പിക്കുന്നതിനായി തീണ്ടലിന്റെ പേരിലുള്ള കൊലപാതങ്ങൾ പ്രോത്സാഹിപ്പിച്ചിരിക്കണം.
ഈ അതിനീചമായ വംശീയ നരഹത്യകളെ കാളീ പൂജക്ക് വേണ്ടിയുള്ള ബൗദ്ധരുടെ ചേകവ-തലകൾ സംഭരിക്കാനുള്ള ദൈവീക ആരാധനാമാർഗ്ഗമായി ന്യായികാരിക്കപ്പെടുകയും മനസാക്ഷിക്കുത്തില്ലാത്ത വിധം മഹത്വവല്‍ക്കരിച്ച് പവിത്ര ആചാരമാക്കിയതായിരിക്കണം ‘പൊങ്ങിലിടി’ എന്ന ഹിംസാത്മക കാളിപൂജ.
ഭദ്രകാളിക്കുള്ള നിവേദ്യ നിര്‍മ്മാണത്തിനായി ഈഴവരുടെ അറുത്ത തലകള്‍ കേരളത്തിൽ ധാരാളമുള്ള കാളീ കാവുകളിലും അമ്പലങ്ങളിലും വളരെയധികം ആവശ്യമാകുമ്പോൾ അത് എത്തിച്ചു കൊടുക്കാനായി തീണ്ടൽ കുറ്റങ്ങൾ ആരോപിച്ച് ഈഴവ പ്രമാണികളെ കൊന്നൊടുക്കാനായി നമ്മുടെ നായന്മാർ ഓടി നടന്നിരിക്കണം. വർഷത്തിലൊരിക്കലുള്ള പൊങ്ങിലിടി ഉത്സവത്തിന് നായർ സ്ത്രീകള്‍ക്ക് ഉരലിലിട്ട് ഇടിക്കാനുള്ള അസംസ്കൃത വസ്തുവായി, മനുഷ്യ തലകൾ അത്യാവശ്യമായിരുന്ന സ്ഥിതിക്ക്, അവ കാളി ക്ഷേത്രങ്ങളില്‍ ആവശ്യത്തിന് സംഭരിക്കാനായി ശൂദ്ര-പുരുഷന്മാരെ തന്നെ ചുമതലപ്പെടുത്താനും ബ്രാഹ്മണർക്ക് പൊങ്ങിലാടി എന്ന ആചാരം ന്യായീകരണവും സൗകര്യവുമായിരുന്നിരിക്കാം.
ഇങ്ങനെ വെട്ടിയെടുക്കുന്ന ബൌദ്ധരുടെ (അസവര്‍ണ്ണരുടെ) തലകള്‍ കാളി ക്ഷേത്രങ്ങളില്‍ ബലിക്കല്ലില്‍ സമര്‍പ്പിക്കേണ്ടത് ശൂദ്രന്‍റെ ചുമതലയാകണമല്ലോ. കാളി ക്ഷേത്രങ്ങളില്‍ തലകള്‍ ശേഖരിച്ചു സൂക്ഷിക്കുകയും, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന പൊങ്ങിലിടി ചടങ്ങാകുബോഴേക്കും ഈ മനുഷ്യ തലകള്‍ ജീർണ്ണിച്ച് വെറും തലയോട്ടികളായി തീര്‍ന്നിരിക്കുമെന്നും നിശ്ചയമാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് അയിത്തത്തിന്റെ പേരിൽ ബൌദ്ധരുടെ തല അറുത്തെടുക്കലും ഒരു വര്ഷക്കാലം അവ കാളികാവുകളിൽ മൺകുഴിയിലിട്ട് സൂക്ഷിക്കലും സാധിക്കാതെ വന്നതുകൊണ്ടായിരിക്കാം ഇളനീര്‍ തേങ്ങ മനുഷ്യന്‍റെ തലയോട്ടി രൂപത്തില്‍ പ്രതീകാത്മകമായി ചെത്തി ഉണ്ടാക്കുന്ന സമ്പ്രദായത്തിലേക്ക് മാറിയത്.
നായര്‍ സ്ത്രീകളെക്കൊണ്ട് തല ഉരലിലിട്ട് ഇടിപ്പിച്ച് ഭദ്രകാളിക്ക് നിവേദ്യമായി സമര്‍പ്പിക്കാന്‍ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണ്യം വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ഒരു ഹിംസാത്മക ആരാധനാ ക്രമത്തിന്റെ പ്രതീകാത്മക രൂപാന്തരമായെ “പൊങ്ങിലിടിയെ” കാണാനാകു.
കേരളത്തെ ജാതി-ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച ബ്രാഹ്മണ പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നമ്മുടെ നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു തെളിവായും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.
ഇതോടൊപ്പം ചേര്ത്തിരിക്കുന്നത് 2014 ൽ വരച്ച ഹിംസയുടെ വേഷ വിധാനങ്ങള് (Costumes of Violence) എന്ന അക്രിലിക് പെയിന്റിങ്ങാണ്. എന്റെ ചിത്രങ്ങളുടെ സമാഹാരമായ അമണ എന്ന പുസ്തകത്തില്‍ (2016) ഈ ചിത്രം ഉള്‍പ്പെട്ടിരിക്കുന്നു.
Chitrakaran Murala T @ various Social Platforms
- Facebook: https://www.facebook.com/chithrakaranmuralit
- Twitter: https://twitter.com/muralitkerala
- Facebook Profile: https://facebook.com/muralitkerala
- Books @ Amazon: https://amazon.in/dp/B07SBQCRWH
- Facebook Page: https://facebook.com/chithrakaran
- Blog1: https://chithrakarans.blogspot.com
- Blog2: https://chithrakaran.blogspot.com