അരവണപ്പായസം തിന്നുന്ന യുക്തിവാദി!

അരവണപ്പായസം തിന്നുന്ന യുക്തിവാദി!

അരവണപ്പായസം തിന്നുന്ന യുക്തിവാദി! – Vaisakhan Thampi

  • യുക്തിവാദിക്ക് അരവണപ്പായസം തിന്നാമോ?
  • യുക്തിവാദി കുറിയിടുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
  • യുക്തിവാദി ഭക്തിഗാനം കേട്ടാൽ എന്തുസംഭവിക്കും?
ഈ രീതിയിലുള്ള നിരവധി ചോദ്യങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നോട് ചോദിച്ചിട്ടുള്ളവർക്ക് ഞാൻ എപ്പോഴും ഏതാണ്ടൊരേ മറുപടിയാണ് കൊടുക്കുക- “എനിക്കറിയില്ല.”
ഉത്തരം അറിയില്ല എന്ന് പറയുമ്പോഴും, അത്തരം ചോദ്യങ്ങളെ പറ്റി ചില കാര്യങ്ങൾ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. യുക്തിവാദികൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ നിർദേശിക്കുന്ന ഒരു പെരുമാറ്റമാന്വൽ ഉള്ളതായി ഇതുവരെ കേട്ടിട്ടില്ല. അതെന്തായാലും, വ്യക്തിപരമായി ഇക്കാര്യത്തിലുള്ള കാഴ്ചപ്പാടാണ് ഇനി പറയുന്നത്.
എല്ലാത്തരം വിശ്വാസസംഹിതകളോടും വിയോജിപ്പുള്ള, തെളിവുകളുടെ അടിസ്ഥാനത്തിൽ യുക്തിപരമായി മാത്രം കാര്യങ്ങളെ സമീപിക്കാൻ താത്പര്യപ്പെടുന്ന ഒരാളാണ് ഞാൻ. ആ അർത്ഥത്തിൽ വേണമെങ്കിൽ ഒരു ‘യുക്തിവാദി’ എന്ന് എന്നെ വിളിക്കാം. പക്ഷേ ഞാൻ ഏത് തരത്തിൽ പെട്ട ആളാണ് എന്ന് ഏറ്റവും ചുരുക്കി പറയാനുള്ള ഒരു ഉപാധി മാത്രമാണ് ആ വാക്ക്. നീണ്ട വിശദീകരണങ്ങൾ ഒഴിവാക്കാനുള്ള ഒരു എളുപ്പവഴി. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഞാൻ യുക്തിവാദി എന്ന വിശേഷണത്തെ ഒരു സൗകര്യത്തിന് ഉപയോഗിക്കുകയാണ് അവിടെ ചെയ്യുന്നത്. അതാണ് ഞാനും ആ വാക്കും തമ്മിലുള്ള ബന്ധം. മറിച്ച് യുക്തിവാദി എന്നൊരു ലേബൽ എന്നെ വിഴുങ്ങുകയല്ല. ലേബലുകൾ ഒരു വലിയ ബാധ്യതയാണ്. ഞാൻ എന്നെ വേറൊരാൾക്ക് ‘യുക്തിവാദി’ എന്ന് പരിചയപ്പെടുത്തിക്കൊടുത്താൽ, ഞാനും കേൾക്കുന്നയാളും ഒരേ അർത്ഥത്തിലല്ല ആ വാക്കിനെ മനസ്സിലാക്കുന്നത് എങ്കിൽ എന്റെ ഉദ്ദേശ്യം അവിടെ നടക്കില്ല. അതിനി യുക്തിവാദി (റാഷണലിസ്റ്റ്) എന്നല്ല, ഫെമിനിസ്റ്റ്, ഹ്യൂമനിസ്റ്റ്, സോഷ്യലിസ്റ്റ്, ക്യാപ്പിറ്റലിസ്റ്റ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്രയുള്ള എല്ലാ ‘-ഇസ്റ്റുകൾ’ക്കും ഇതാണ് അവസ്ഥ. ഇതൊക്കെ എല്ലാവരും ഒരുപോലെയല്ല മനസിലാക്കുന്നത്. ഉദാഹരണത്തിന് ചിലരെ സംബന്ധിച്ച് ഫെമിനിസ്റ്റ് എന്നത് ഒരു ക്രെഡിറ്റും, മറ്റ് ചിലർക്ക് അതൊരു വഴിപിഴച്ച അവസ്ഥയും ആണ്. ഇതിൽ ഏതാണ് ശരി എന്നതല്ല ഇവിടത്തെ പ്രശ്നം. മറിച്ച് പൊതുസമൂഹത്തിൽ ആ വാക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന അവ്യക്തതയാണ്. ഞാൻ ആശയങ്ങൾ കൈമാറുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ്. ശരിക്ക് കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ കൈവെക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ലേബലുകളിൽ നിന്ന് മാറിനിൽക്കാനാണ് താത്പര്യം.
ഇനി നേരത്തേ പറഞ്ഞുതുടങ്ങിയ, യുക്തിവാദമാന്വലിലെ വിവിധ വകുപ്പുകൾ റഫർ ചെയ്ത് മറുപടി പറയേണ്ട ചോദ്യങ്ങളിലേക്ക് മടങ്ങിവരാം. അത്തരം ചോദ്യങ്ങൾക്ക് വൻ കോൺഫിഡൻസോടെ മറുപടി പറയുന്ന യുക്തിവാദികളെ ഞാൻ കണ്ടിട്ടുണ്ട്. ഇന്നത് പാടില്ല, ഇന്നത് ചെയ്തിരിക്കണം എന്ന് അറുത്തുമുറിച്ചായിരിക്കും മറുപടി. ശാസ്ത്രരീതി പിൻതുടരുന്ന ഒരാൾ എന്ന നിലയിൽ എന്റെ പോളിസി, ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുൻപ് ചോദ്യം എന്താണെന്ന് വിശദമായി പരിശോധിക്കുക എന്നതാണ്. ‘If you want to solve the problem, first you should see the problem’ എന്നാണല്ലോ.
സാമൂഹ്യവിഷയങ്ങൾ, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിങ്ങനെയുള്ളവ വളരെയധികം സങ്കീർണമായ പ്രശ്നങ്ങളായിട്ടാണ് തോന്നിയിട്ടുള്ളത്. എന്റെ വിഷയമായ ഫിസിക്സിലെപ്പോലെ ചോദ്യമൊന്നിന് ഉത്തരമൊന്ന് എന്ന മട്ടിൽ അന്തിമതീർപ്പ് കല്പിക്കുക എളുപ്പമല്ല അവിടെ. ഒരാളുടെ സാമൂഹ്യ സാഹചര്യങ്ങൾ, ചുറ്റുമുള്ള മറ്റ് മനുഷ്യർ, വ്യക്തിപരമായ ബലഹീനതകൾ, ആഗ്രഹങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾക്കനുസരിച്ചാണ് ശരിയായ തീരുമാനം ഉണ്ടാകുക.
ഒരു ഉദാഹരണം എടുക്കാം
യുക്തിവാദിയുടെ മാതാപിതാക്കൾ മരിച്ചാൽ മതപരമായി മൃതദേഹം മറവുചെയ്യേണ്ടതുണ്ടോ?
വളരെ സാധാരണമായ ഒരു ചോദ്യമാണിത്. മിക്ക യുക്തിവാദികൾക്കും കൃത്യമായ മറുപടിയുണ്ടാകും- വേണ്ടേ വേണ്ട! പക്ഷേ എന്തുചെയ്യാം, എനിക്കാ ചോദ്യത്തിന് മറുപടി പറയാൻ അറിയില്ല. കാരണം ആ ചോദ്യം പൂർണമല്ല, എനിക്കിനിയും ഒരുപാട് വിവരങ്ങൾ ലഭിക്കാനുണ്ട്. യുക്തിവാദി എന്ന ഒറ്റ വാക്കുകൊണ്ട് യുക്തിവാദി എന്ന് സ്വയം വിളിക്കുന്ന ആളുകളെപ്പോലും ഒരുമിച്ച് വിവരിക്കാനാവില്ല. ഓരോ യുക്തിവാദിയും ഒരായിരം തരത്തിൽ പരസ്പരം വ്യത്യസ്തരാണ്.
ഈ ചോദ്യത്തിൽ പരിഗണിക്കേണ്ടതെന്ന് ഞാൻ കരുതുന്ന ചില ഘടകങ്ങൾ പറയാം.
ഒന്ന്, ടി യുക്തിവാദി എന്തുകൊണ്ട് ഒരു യുക്തിവാദിയായിരിക്കുന്നു? മതം കുഴപ്പം പിടിച്ചതാണെന്ന് തിരിച്ചറിഞ്ഞ് യുക്തിവാദിയായവർ, യുക്തിവാദം കൊണ്ട് സമൂഹനന്മ ചെയ്യാമെന്ന് കരുതി അതെടുത്തണിഞ്ഞവർ, പഠിച്ചുവന്നപ്പോൾ യുക്തിവാദിയായിപ്പോയവർ (എന്നെപ്പോലെ), ഇന്റലക്ച്വലാണെന്ന് തോന്നിക്കാൻ വേണ്ടി യുക്തിവാദിയെന്ന് സ്വയം വിളിക്കുന്നവർ എന്നിങ്ങനെ പല ടൈപ്പ് യുക്തിവാദികളെ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അറിയാത്ത കാരണങ്ങൾ കൊണ്ട് യുക്തിവാദിയായവരും കാണും. മറ്റൊരു കാര്യം ടി യുക്തിവാദിക്ക് ചുറ്റുമുള്ള മനുഷ്യരാണ്. ജീവിതപങ്കാളി, മാതാപിതാക്കൾ, മക്കൾ, തന്നെ ആശ്രയിക്കുന്ന മറ്റ് ബന്ധുക്കൾ, താൻ ആശ്രയിക്കുന്ന മനുഷ്യ‍‍ർ, തൊഴിൽദാതാക്കൾ, എന്നിങ്ങനെയുള്ളവർ തന്റെ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കും എന്നതും ചിലപ്പോൾ പരിഗണിക്കേണ്ടിവരും. ഇതിനോടൊപ്പം പരിഗണിക്കേണ്ടതാണ് ആ വ്യക്തിയുടെ ബലവും ബലഹീനതയും. ചിലർക്ക് ലോകം മുഴുവൻ എതിര് നിന്നാലും അതൊരു പ്രശ്നമല്ല. പക്ഷേ മറ്റുചിലർക്ക് രണ്ടോ മൂന്നോ പേരെ പോലും എതിർത്ത് തോല്പിക്കാനുള്ള ശേഷിയുണ്ടാവില്ല. ചിലർ ആര് എന്തുപറയുന്നു എന്നത് വകവെക്കില്ല. മറ്റുചിലർക്ക് ആര് എന്തുപറഞ്ഞാലും അവരെയത് അലട്ടും. ഇതൊന്നും, ഇങ്ങനെയാകണം, ഇങ്ങനെയാകരുത് എന്ന് നമുക്ക് ശഠിക്കാവുന്ന കാര്യങ്ങളല്ല. അവ അങ്ങനെയൊക്കെയാണ്, അത്ര തന്നെ. ഇപ്പറഞ്ഞുവന്നത്, നമ്മുടെ ചോദ്യത്തിനുള്ള ഉത്തരമല്ല. ആ ഉത്തരം എത്ര സങ്കീർണമാണ് എന്ന കാര്യമാണ്. ഇത്രയധികം വ്യത്യസ്ത സാധ്യതകളുടെ ഒരു യുണിക് കോമ്പിനേഷനാണ് ഓരോ വ്യക്തിയും. അതുകൊണ്ട് എല്ലാറ്റിനും കൂടി പൊതുവായ ഒരു ഉത്തരം അസ്വാഭാവികമാണ്.
ഇവിടെ ഒരു കാര്യം ഓർമിപ്പിക്കട്ടെ. നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് മതപരമായി മൃതദേഹം മറവുചെയ്യുന്നതിൽ യുക്തിയുണ്ടോ എന്ന വിഷയമല്ല, യുക്തിവാദി അത് ചെയ്യാൻ പാടുണ്ടോ എന്ന വിഷയമാണ്. ഇത് രണ്ടും രണ്ട് ചോദ്യങ്ങളാണ്. നേരത്തേ പറഞ്ഞ അനേകം സാധ്യതകളുടെ ഒരു പ്രത്യേക കോംബിനേഷൻ എടുക്കാം, യുക്തിവാദി-A. ആൾക്ക് ആര് എന്തുപറയും എന്നതൊരു വിഷയമല്ല. പുള്ളി ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. പുള്ളിയെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ട് താനും. താനൊരു യുക്തിവാദിയാണെന്ന് അഭിമാനത്തോടെ പരസ്യമായി പറഞ്ഞുനടക്കുന്ന ആളാണ് അദ്ദേഹം. അങ്ങനൊരാൾ തന്റെ പിതാവിന്റെ മൃതദേഹം മതപരമായി മറവുചെയ്യില്ല എന്ന് വാശിപിടിച്ചാൽ അയാൾക്കത് സാധിച്ചെടുക്കാവുന്നതേയുള്ളൂ.
അതേ സമയം മറ്റൊരു കോമ്പിനേഷനാണ് യുക്തിവാദി-B. പുള്ളി മതങ്ങളിലും വിശ്വാസപ്രമാണങ്ങളിലും അർത്ഥശൂന്യത കണ്ട് യുക്തിവാദിയായ ആളാണ്. കാര്യമായ വരുമാനമില്ലാത്തതിനാൽ പലപ്പോഴും ബന്ധുജനങ്ങളുടെ സഹായം കൈപ്പറ്റിയിട്ടുള്ള ആളാണ്. പിതാവിനോട് ആഴത്തിലുള്ള ആത്മബന്ധം ഉണ്ടായിരുന്ന അയാൾ മരണത്തിൽ അതിയായി ദുഃഖിക്കുന്നുണ്ട്. അയാളുടെ ബന്ധുക്കളാകട്ടെ കടുത്ത മതവിശ്വാസികളും. മരണവീട്ടിൽ ബന്ധുക്കൾ മാടമ്പി കളിക്കുന്നു. പലരും ഇമോഷണൽ ബ്ലാക് മെയിലിങ്ങും നടത്തുന്നു. ഇതെല്ലാം അതിജീവിച്ച് മതരഹിതമായി മൃതദേഹം മറവുചെയ്യുക അയാൾക്ക് എത്രത്തോളം എളുപ്പമായിരിക്കും? A-യും B-യും എനിക്ക് നേരിട്ട് പരിചയമുള്ള രണ്ട് യൂക്തിവാദികളുടെ സാമ്പിളുകളാണ്. ഇതിൽ B വന്ന് തന്റെ വിഷമാവസ്ഥ പറഞ്ഞപ്പോൾ A അറുത്തുമുറിച്ചൊരു ഉപദേശം കൊടുത്തു- “എന്റെ അച്ഛൻ മരിച്ചപ്പോഴും ഇതുപോലെ പലരും വന്നതാ. ഒറ്റയൊരുത്തനെയും ഞാൻ വകവെച്ചില്ല. ജീവൻ പോയാലും ഒരു മതച്ചടങ്ങിനും നീ സമ്മതിക്കരുത്.”
B-യുടെ സാഹചര്യത്തിൽ നിന്നുകൊണ്ട് A ചെയ്ത എളുപ്പത്തിൽ അക്കാര്യം സാധിച്ചെടുക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. കാരണങ്ങൾ പലതാണ്. മാനസികമായി തളർന്നിരിക്കുന്ന ഘട്ടത്തിൽ ചെറുത്തുനില്പ് കൂടുതൽ ദുഷ്കരമാണ്. അമ്മയെപ്പോലെ പലരും ഇമോഷണൽ ബ്ലാക് മെയിലിങ് ചെയ്യുന്നത്, B-യുടെ യുക്തിവാദിപ്പട്ടം തകർക്കാനല്ല. അവർക്കീ മാമൂലുകളിൽ വിശ്വാസമുള്ളതുകൊണ്ടും അതിന്റെ പേരിലുള്ള ഭയം കൊണ്ടുമാണ്. പിന്നെ, തനിക്ക് കടപ്പാടുള്ളവരെ പിണക്കാൻ പോയാൽ ഉടൻ തന്നെ അത് മറ്റുരീതിയിലുള്ള ബാധ്യതകളായി തോളിൽ വന്നുവീഴാനും സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ മരണാനന്തരക്രിയകൾ യുക്തിപരമാകുന്നു എന്നല്ല. പക്ഷേ B-യ്ക്ക് A-യുടെ അത്ര എളുപ്പത്തിൽ ആ തീരുമാനം സാധ്യമാകില്ല എന്നുറപ്പാണ്. അതിന്റെ കാരണത്തിന് പക്ഷേ ‘scientific’ ആയ വിശദീകരണം ഒന്നുമില്ല. അത് വളരെ subjective ആണ്.
ഇനി രണ്ട് വഴികളുടേയും അനന്തരഫലങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.
(1) ഇക്കണ്ട കഷ്ടപ്പാടുകളൊക്കെ സഹിച്ച് B, A-യുടെ ഉപദേശം നടപ്പാക്കിയാൽ:
B-യുടെ ‘യുക്തിവാദിത്വം’ കോട്ടം തട്ടാതെ നിലനിൽക്കും. ആദർശധീരത പ്രകടിപ്പിക്കാൻ സാധിക്കും. പക്ഷേ അധിക കഷ്ടപ്പാടുകളൊക്കെ സഹിച്ചിട്ട് B-യുടെ കുറേനാളത്തെ മനസ്സമാധാനം നഷ്ടപ്പെടും. ഇതുകൊണ്ട് ബന്ധുക്കളോ നാട്ടുകാരോ യുക്തിവാദത്തിന്റെ മഹത്വം തിരിച്ചറിയാൻ പോകുന്നുമില്ല.
(2) B സമ്മർദ്ദത്തിന് വഴങ്ങിയാൽ:
B-യ്ക്ക് തെറ്റായൊരു കാര്യം നിർബന്ധപൂർവം ചെയ്യേണ്ടിവന്നു എന്ന തോന്നലുണ്ടാകും. ആവശ്യം വന്നപ്പോൾ യുക്തിവാദമൊക്കെ മറന്നു എന്ന ആരോപണം വരും. പക്ഷേ മാനസികമായി തളർന്നിരിക്കുന്ന ഘട്ടത്തിൽ വല്യ കശപിശകളില്ലാതെ ദിവസങ്ങൾ നീങ്ങും. വിശ്വാസികളായ ഉറ്റവർ താരതമ്യേന കൂടുതൽ സന്തുഷ്ടരായിരിക്കും.
ഇതിലേതാണ് ശരിയായ തീരുമാനം എന്ന് പറയുന്നതിനുള്ള മാനദണ്ഡം എന്താണ്? ഇതിൽ ഏതിന്റെ അനന്തരഫലത്തിനാണ് B കൂടുതൽ മുൻതൂക്കം കൊടുക്കുന്നത് എന്നതാണ് എന്റെ കണ്ണിൽ ഇവിടുത്തെ മാനദണ്ഡം. A-യ്ക്കും B-യ്ക്കും രണ്ട് ‘preferences’ ആണെങ്കിൽ അവർക്ക് യുക്തമായ തീരുമാനവും രണ്ടായിരിക്കും. എന്റെ ബോസിന് എന്നോട് വെറുപ്പും എന്റെ സഹപ്രവർത്തകയോട് വലിയ സ്നേഹവുമാണെന്ന് കരുതുക. ഞങ്ങൾ രണ്ടുപേരും ഒരേ ജോലി ഒരേ രീതിയിൽ ചെയ്താലും അനന്തരഫലം വ്യത്യസ്തമായിരിക്കും. അവിടെ പ്രത്യേകിച്ച് science ഒന്നുമില്ല. But the consequences are real!
ഇത്രേം നീട്ടിവലിച്ച് എഴുതിയത്, എനിക്കീ ‘മാന്വൽ’ അനുസരിച്ചുള്ള യുക്തിവാദത്തിൽ താത്പര്യമില്ല എന്ന് പറയാനാണ്. സമൂഹത്തിനോ, കുറഞ്ഞത് തനിക്കെങ്കിലുമോ പ്രയോജനമില്ലെങ്കിൽ, ആ യുക്തിവാദം വെറുമൊരു ആഡംബരം മാത്രമാണെന്നാണ് എന്റെ അഭിപ്രായം. അതിനി എത്ര ‘ശുദ്ധമായ’ യുക്തിവാദമായാലും. മറ്റുള്ളവരുടെ യുക്തിവാദത്തിന് മാർക്കിടുന്ന യുക്തിവാദികൾ പലപ്പോഴും എന്നെ ചിരിപ്പിച്ചിട്ടുമുണ്ട് (ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി കുഞ്ഞിന്റെ പേരിടൽ ചടങ്ങിന് കൂട്ടുനിന്ന യുവയുക്തിവാദിയുടെ ‘യുക്തിവാദം പോരാ’യെന്ന് വിമർശിച്ച ഹോമിയോവിശ്വാസിയായ സീനിയർ യുക്തിവാദി ഉദാഹരണം).
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ചിലർ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട്- ‘ഞാനും ഒരു യുക്തിവാദിയാണ്. എന്നെ ആഡ് ചെയ്യണം’ എന്ന് മെസ്സേജ് അയക്കാറുണ്ട്. (ഇങ്ങനൊരു എഴുത്തിന് പ്രേരണയായതും അതാണ്) അവരോട് സ്നേഹപൂർവം തന്നെ പറയട്ടെ, മനുഷ്യരെ യുക്തിവാദം വെച്ച് അളക്കുന്ന ആളേയല്ല ഞാൻ. ആളുകളെ തമ്മിൽ അടുപ്പിക്കുന്നതിൽ യുക്തിവാദം കാര്യമായ പങ്ക് വഹിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. പലപ്പോഴും ‘അടിപ്പിക്കുന്നത്’കണ്ടിട്ടുമുണ്ട് എന്റെ ഏറ്റവും ആത്മബന്ധമുള്ള സൗഹൃദങ്ങളിലും, ഞാൻ ഏറ്റവും സ്നേഹിക്കുന്ന ബന്ധുജനങ്ങളിലും ഒരുപാട് വിശ്വാസികളുണ്ട്. എനിക്കറിയാവുന്ന പല യുക്തിവാദികളും എന്നിൽ നിന്ന് വളരെ വ്യത്യസ്തമായ താത്പര്യങ്ങളുള്ളവരും അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ‘ബോറൻ’ പരിചയങ്ങളുമാണ്. വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് തന്നെ വിശ്വാസികളെ സ്നേഹിക്കാൻ സാധിക്കും. പറ്റില്ലാന്ന് തോന്നുന്നെങ്കിൽ, സമൂഹത്തെ അതിന്റെ complexity-യോടെ അംഗീകരിക്കാതെ simplistic ആക്കാൻ നോക്കുന്നതുകൊണ്ടാകണം.
എന്തായാലും, അരവണപ്പായസം എനിക്കിഷ്ടമാണ്!

Leave a Reply

Your email address will not be published. Required fields are marked *

*