കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ആരംഭം വടവന്നൂരിലോ….?

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ആദ്യകാലങ്ങളിൽ മലയാളികളുടെ സാന്നിധ്യം
1885 ൽ രൂപീകൃതമായ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് ഏറെ വൈകിയാണ്. എന്നിരുന്നാലും, പല പ്രമുഖ വ്യക്തിത്വങ്ങളും കോൺഗ്രസ്സ് സമ്മേളനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. 1897-ൽ അമരാവതിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് മലയാളിയായ സർ. സി. ശങ്കരൻ നായരാണ്. അദ്ദേഹത്തെ കൂടാതെ, ജി. പി. പിള്ള, രൈരു നമ്പ്യാർ (കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറി) സി. കുഞ്ഞിരാമ മേനോൻ, മന്നത്ത് കൃഷ്ണൻ നായർ, എസ്. കെ. നായർ, സി. കരുണാകര മേനോൻ, കെ. പി. അച്യുത മേനോൻ, കെ. യു. നാരായണ മേനോൻ, ഡോ. ടി. എം. നായർ എന്നിവരും ആദ്യ കാലങ്ങളിൽ കോൺഗ്രസ്സ് സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.
1903-ലെ കോഴിക്കോട് സമ്മേളനവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ വൈകിപ്പിക്കൽ
1903-ൽ സേലം വിജയരാഘവാചാരിയുടെ അധ്യക്ഷതയിൽ കോഴിക്കോട് വച്ച് ഒരു രാഷ്ട്രീയ സമ്മേളനം നടന്നിരുന്നെങ്കിലും സംഘടിതമായ രാഷ്ട്രീയ പ്രവർത്തനം അപ്പോഴും ആരംഭിച്ചിരുന്നില്ല. 1905-ലെ ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയൊട്ടാകെ ആഞ്ഞടിച്ചെങ്കിലും മലബാറിൽ യാതൊരു ചലനവും ഉണ്ടാക്കിയില്ലെന്നതാണ് വാസ്തവം.
മലബാർ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ രൂപീകരണവും ഹോംറൂൾ ലീഗ് സ്വാധീനവും
1910-ലാണ് മലബാർ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ രൂപീകരണം നടന്നത്. ‘കേരള പത്രിക’ യുടെ പത്രാധിപർ കുഞ്ഞിരാമ മേനോനായിരുന്നു സെക്രട്ടറി. 1913-ൽ ഒരു പ്രാദേശിക സമ്മേളനം കോഴിക്കോട് വച്ച് നടത്തിയെങ്കിലും കാര്യക്ഷമമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ആ കമ്മിറ്റിക്കും കഴിഞ്ഞില്ല.
1916-ൽ കെ. പി. രാമൻ മേനോൻ പ്രസിഡന്റും കെ. പി. കേശവ മേനോൻ സെക്രട്ടറിയുമായ മലബാർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നിലവിൽ വന്നതോടെയാണ് കേരളത്തിൽ കോൺഗ്രസ്സ് പ്രവർത്തനം ശക്തിയാർജ്ജിക്കുന്നത്. കോഴിക്കോട് പ്രവർത്തനം ആരംഭിച്ചിരുന്ന ആനി ബെസന്റിന്റെ ഹോം റൂൾ പ്രസ്ഥാനത്തിന്റെ മുൻകൈയിലാണ് കോൺഗ്രസ്സ് കമ്മിറ്റിയും നിലവിൽ വന്നത്. മഞ്ചേരി രാമയ്യർ പ്രസിഡന്റും കേശവ മേനോൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഹോംറൂൾ ലീഗിന് കോഴിക്കോട് ഉണ്ടായിരുന്നത്.
വടവന്നൂരിലെ പാറക്കൽ തറവാട് – കോൺഗ്രസ്സ് പ്രവർത്തനങ്ങളുടെ തുടക്കം
കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ ആദ്യകാല ചരിത്രമായി രേഖപ്പെടുത്തപ്പെട്ട വിവരങ്ങളാണ് മേൽ സൂചിപ്പിച്ചത്. എന്നാൽ മലബാറിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് കോൺഗ്രസ്സ് പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഒരു പാലക്കാട്ടുകാരൻ ജയിലിൽ പോകുകയും ഭരണകൂടത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ചരിത്രമാണ് വടവന്നൂരിലെ പാറക്കൽ തറവാടിന് പറയാനുള്ളത്.
പാറക്കൽ വിശ്വനാഥ മേനോന്റെ രാഷ്ട്രീയ പ്രവേശനം
പാറക്കൽ കുഞ്ഞുകുട്ടിയമ്മയുടെ മകനായ വിശ്വനാഥ മേനോനാണ് മലബാറിൽ കോൺഗ്രസ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹം കോൺഗ്രസ്സ് പ്രവർത്തനം തുടങ്ങിയ കാലഘട്ടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നു. അടിയുറച്ച കോൺഗ്രസ്സുകാരനായി വളർന്ന അദ്ദേഹം മികച്ച സംഘാടകനും നല്ലൊരു പ്രഭാഷകനുമായിരുന്നു.
“ഭാരതബന്ധു” മാസികയും പത്രപ്രവർത്തന പോരാട്ടങ്ങളും
പാറക്കൽ വിശ്വനാഥ മേനോൻ വടവന്നൂർ, കൊല്ലങ്കോട് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കോൺഗ്രസ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ്സ് നടത്തുന്ന പ്രവർത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ “ഭാരതബന്ധു” എന്ന പേരിൽ ഒരു ദ്വൈമാസികയാണ് വിശ്വനാഥ മേനോൻ ആരംഭിച്ചത്. 1908 ലാണ് മേനോൻ ഈ മാസികക്ക് തുടക്കം കുറിക്കുന്നത്. സ്വന്തമായ പ്രസ്സിലാണ് ഈ പ്രസിദ്ധീകരണം അച്ചടിച്ചിരുന്നത്.
സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ജിഹ്വയായി മാറിയ മാസിക ബ്രിട്ടീഷ് ഭരണകൂടത്തിന് പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു. കൽക്കട്ടയിൽ നിന്നും പുറത്തിറങ്ങിയിരുന്ന അമൃത ബസാർ പത്രിക, സുബ്രഹ്മണ്യയ്യരുടെ സ്വദേശിമിത്രൻ തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കാറുള്ള സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വാർത്തകളും രാഷ്ട്രീയ ലേഖനങ്ങളുമാണ് ഈ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നത്. ബംഗാളി നോവലായ ആനന്ദമഠംയെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരിൽ വിശ്വനാഥ മേനോനെ പ്രോസിക്യൂട്ട് ചെയ്ത് കനത്ത തുക പിഴ ചുമത്തി.
അധികാരികളുടെ നിരന്തര പീഡനം തുടർന്നതോടെ മാസികയുടെ പ്രസിദ്ധീകരണവും മുടങ്ങി. കഴ്സൺ പ്രഭു വൈസ്രോയി ആയിരുന്ന കാലത്തെ ബംഗാൾ വിഭജിച്ചതിനെതിരെ നടന്ന പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി തുടങ്ങിവച്ച മർദ്ദനമുറകളുടെ ഭാഗമായാണ് സർക്കാർ പത്രമാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. നിരന്തര പീഡനവും കനത്ത പിഴശിക്ഷ ചുമത്തലും കാരണം നിരവധി പത്രമാധ്യമങ്ങൾ അക്കാലത്ത് അടച്ചുപൂട്ടി. രാജ്യദ്രോഹകുറ്റം ചുമത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിനെ തുടർന്ന് പലരെയും ജയിലടച്ചു. കേസരി, മഹാരാട്ടാ (Maharatta), പഞ്ചാബി, വന്ദേമാതരം തുടങ്ങിയ പത്രമാധ്യമങ്ങളെല്ലാം നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു. അതിന്റെ തുടർച്ചയായാണ് മേനോന്റെ ‘ഭാരതബന്ധു’വിനെതിരെയും നടപടി സ്വീകരിച്ചത്. ബംഗാൾ വിഭജനത്തിനെതിരെ യാതൊരു പ്രക്ഷോഭവും കേരളത്തിൽ നടന്നില്ലെങ്കിലും സർക്കാർ ഇടപെടൽ മാസികയുടെ പ്രവർത്തനം മുടങ്ങുന്നതിന് കാരണമായി മാറി.
വന്ദേമാതരം നിരോധനവും നാടകാവതരണങ്ങളിലൂടെ സമരം
മാസികയുടെ പ്രവർത്തനം നിലച്ചെങ്കിലും അദ്ദേഹം കൂടുതൽ ഊർജ്ജസ്വലതയോടെ കോൺഗ്രസ്സ് പ്രവർത്തനം തുടരുകയാണുണ്ടായത്. ദേശീയ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായ “വന്ദേ മാതരം” സർക്കാർ നിരോധിച്ചപ്പോൾ അതിനെതിരെ അതിശക്തമായ പോരാട്ടമാണ് നടത്തിയത്. “വന്ദേ മാതരം” എന്ന പേരിൽ തന്നെ ഒരു നാടകം മേനോൻ രചിച്ചു. തന്റെ സഹപ്രവർത്തകരുമായി ചേർന്ന് പല വേദികളിലും ആ നാടകം അവതരിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികളായ വടക്കേപ്പാട്ട് നാരായണ മേനോൻ, മഠത്തിൽ പങ്കുമേനോൻ, കോരാത്ത് നാരായണ മേനോൻ തുടങ്ങിയവർ ആ നാടകത്തിൽ അഭിനയിച്ചവരാണ്. നാടകാവതരണത്തിന്റെ പേരിലും അവർ പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരായിട്ടുണ്ട്. രാവുണ്ണ്യേടത്ത് ശേഖര മേനോനാണ് ഈ കേസിൽ അദ്ദേഹത്തിനുവേണ്ടി ഇടപെട്ടത്. ആ കാലഘട്ടത്തിലെ പ്രധാന എഴുത്തുകാരനായിരുന്ന അദ്ദേഹം സുഭദ്രാർജ്ജുനം, ഉഷാവിവാഹം, രുഗ്മിണി സ്വയംവരം, യയാതി ചരിത്രം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.
സൂറത്ത് കോൺഗ്രസ്സ് (1907) – തിലക്-ഗോഖലെ ഭിന്നതയും വിശ്വനാഥ മേനോന്റെ നിലപാട്
1905 ലെ ബംഗാൾ വിഭജനത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് 1907 ലെ സൂറത്ത് കോൺഗ്രസ്സ് സമ്മേളനം ചേർന്നത്. ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രണ്ടായി പിളർന്നതും ആ സമ്മേളനത്തിലാണ്. കോൺഗ്രസ്സ് സംഘടനയുടെ നേതൃത്വം ഗോഖലെയുടെ നേതൃത്വത്തിലുള്ള മിതവാദികൾ പിടിച്ചെടുത്തു.
തുടർന്ന് ബ്രിട്ടീഷ് സർക്കാർ 1908 ജൂലൈ മൂന്നിന് തിലകനെ അറസ്റ്റ് ചെയ്തു. കുറ്റവിചാരണക്ക് ശേഷം ആറുകൊല്ലത്തെ കഠിനതടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. കോൺഗ്രസ്സിൽ നിന്നും പുറത്തായ തിലകന്റെ അനുയായികളായ നേതാക്കൾക്കെതിരെ ക്രൂരമായ മർദ്ദനമുറകളാണ് ബ്രിട്ടീഷ് സർക്കാർ അഴിച്ചുവിട്ടത്. രാജ്യദ്രോഹകുറ്റം ചുമത്തി പല നേതാക്കളെയും തടവിനു ശിക്ഷിക്കുകയോ നാടുകടത്തുകയോ ചെയ്തു. വി. ഒ. ചിദംബരം പിള്ള, സുബ്രഹ്മണ്യ ശിവം, ലാലാ ലജ്പത് റായി, അജിത് സിംഗ് മുതലായവരൊക്കെ ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. പാറക്കൽ വിശ്വനാഥ മേനോനും തിലകനൊപ്പമാണ് നിലയുറപ്പിച്ചത്. അദ്ദേഹം തിലക് സ്കൂൾ ഓഫ് പൊളിറ്റിക്സ്യിൽ അംഗമായിരുന്നു. തിലകനോടുള്ള ഈ അനുഭാവമാണ് ബ്രിട്ടീഷ് പോലീസിന്റെ കണ്ണിലെ കരടായി അദ്ദേഹത്തെ മാറ്റിയത്.
ആനി ബെസന്റും ഹോംറൂൾ ലീഗും – കേരളത്തിൽ കോൺഗ്രസ്സ് വളർച്ച
1913-ലാണ് ആനി ബെസന്റ് കോൺഗ്രസ്സിൽ ചേർന്നത്. അവരുടെ നേതൃത്വത്തിലുള്ള ഹോംറൂൾ ലീഗും കോൺഗ്രസ്സും ഒന്നിച്ചുചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് ബഹുജന സ്വാധീനം വർധിപ്പിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞത്.
1915-16 കാലത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ മാത്രമല്ല ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും വരെ ഹോംറൂൾ ലീഗിന്റെ ശാഖകൾ പ്രവർത്തിച്ചിരുന്നു. കൂടാതെ, ആനി ബെസന്റ് നേതൃത്വം നൽകിയിരുന്ന തിയോസഫിക്കൽ സൊസൈറ്റിയുടെ ശാഖകളും തലശ്ശേരി, വടകര, കോഴിക്കോട്, മഞ്ചേരി, ആലത്തൂർ, ഒറ്റപ്പാലം, ചിറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഈ സംഘടനാ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ കോൺഗ്രസ്സ് വളർന്നത്. 1916-ലെ മലബാർ കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറി ആയിരുന്നു കെ. പി. കേശവ മേനോൻ; അദ്ദേഹം ഹോം റൂൾ ലീഗിന്റെ കോഴിക്കോട് ശാഖയുടെ സെക്രട്ടറിയുമായിരുന്നു.
തുടർന്നാണ്, 1916 മാർച്ച് 4, 5 തീയതികളിലാണ് മലബാർ കോൺഗ്രസ്സിന്റെ ആദ്യ രാഷ്ട്രീയ സമ്മേളനം പാലക്കാട്ടുവച്ച് നടക്കുന്നത്. കോൺഗ്രസ്സിന്റെയും ഹോംറൂൾ ലീഗിന്റെയും സംയുക്ത നേതൃത്വത്തിലാണ് ആ സമ്മേളനം നടന്നത്. ആനി ബെസന്റ് അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ മുഖ്യസംഘാടകൻ കെ. പി. കേശവ മേനോനും സ്വീകരണകമ്മിറ്റി ചെയർമാൻ കൊല്ലങ്കോട്ടെ വി. വാസുദേവരാജയും ആയിരുന്നു. ഹോംറൂൾ ലീഗ് നേതാക്കളുടെ വരവോടെ കോൺഗ്രസ്സിന്റെ മുഖ്യധാരയിൽ നിന്ന് മേനോൻ പിന്തള്ളപ്പെടുകയും ചെയ്തു.
സാമൂഹ്യപരിഷ്‌കാര പ്രവർത്തനങ്ങളിൽ വിശ്വനാഥ മേനോന്റെ പങ്ക്
അയിത്തോച്ഛാടനത്തെക്കുറിച്ച് കോൺഗ്രസ്സ് ചിന്തിക്കുന്നതിന് മുമ്പ് പ്രായോഗിക തലത്തിൽ അത് നടപ്പാക്കാൻ വിശ്വനാഥ മേനോന് കഴിഞ്ഞു. അധഃസ്ഥിത വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിയെടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അവർക്ക് വിദ്യാഭ്യാസം നൽകാനും പൗരാവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും വിശ്വനാഥ മേനോൻ നിരന്തരമായി പരിശ്രമിച്ചു.
മാർക്കറ്റിലെ തൻ്റെ കെട്ടിടങ്ങളിലൊന്നിൽ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കായി നിശാപാഠശാലയും അദ്ദേഹം സംഘടിപ്പിച്ചു. അവർക്ക് തൊഴിൽ നൽകുന്നതിനായി കുടിൽ വ്യവസായങ്ങൾ ആരംഭിച്ചെങ്കിലും പരിചയസമ്പന്നരായ വ്യക്തികളുടെ അഭാവത്തിൽ ആ സംരംഭം പരാജയപ്പെട്ടു. പഞ്ചായത്ത് ബോർഡ് അംഗമെന്ന നിലയിൽ ആധുനിക വാഹനങ്ങൾ ഓടിക്കാനുള്ള റോഡുകൾ വീതികൂട്ടി ശരിയായ രീതിയിൽ പരിപാലിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.
പാറക്കൽ തറവാടിന്റെ സംഭാവനയും വടവന്നൂരിലെ സ്വാതന്ത്ര്യസേനാനികൾ
കോൺഗ്രസ്സിന്റെ പ്രധാന നേതാവായി ഉയർന്നു വരാൻ മേനോന് കഴിഞ്ഞില്ലെങ്കിലും പാറക്കൽ തറവാട്ടിൽ നിന്ന് നിരവധി കോൺഗ്രസ്സ് നേതാക്കളാണ് വളർന്നു വന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യ സമര സേനാനികളുള്ള പ്രദേശങ്ങളിൽ ഒന്നായി വടവന്നൂർ മാറുകയും ചെയ്തു.
പാറക്കൽ തറവാട്ടിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളിൽ അദ്ദേഹത്തിന്റെ സഹോദരി പാറക്കൽ ഗൗരിയമ്മ, പാറക്കൽ വാസു മേനോൻ, ചിദംബര മേനോൻ, പി. ബാലചന്ദ്ര മേനോൻ, രാമചന്ദ്ര മേനോൻ, നീലകണ്ഠ മേനോൻ, കാവമ്മ, വേശു അമ്മ, കൊച്ചുകുട്ട മേനോൻ തുടങ്ങിയവർ ഉൾപ്പെടുന്നു. മലബാർ ഗാന്ധി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വാസു മേനോൻ മലബാർ കോൺഗ്രസ്സിന്റെ പ്രസിഡണ്ടായിരുന്നു. പാറക്കൽ ചിദംബര മേനോനും കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്നു. തൊടഞ്ചാത്തെ വാസുദേവൻ നായർ, ശങ്കരനാരായണൻ പാലാട്ട് (തങ്കപ്പൻ മാഷ്), അച്യുതൻ നായർ (ഡോ. കുട്ടൻ നായർ), അഴകപ്പാടത്ത് കൊച്ചപ്പൻ നായർ, ഏറത്ത് കുട്ടികൃഷ്ണൻ മാസ്റ്റർ, കോരാത്ത് വാസു മേനോൻ, പൊക്കുന്നി സുലൈമാൻ മുതലായവരും വടവന്നൂരിൽ നിന്നും സ്വാതന്ത്ര്യ സമരത്തിൽ അണിനിരന്നവരാണ്. ഒട്ടേറെ സ്വാതന്ത്ര്യ സമര സേനാനികളെ സംഭാവന ചെയ്ത വടവന്നൂർ പ്രദേശത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇതുവരെ ഇടം ലഭിക്കാതെ പോയത് തികച്ചും ഖേദകരമാണ്.
ക്വിറ്റ് ഇന്ത്യാ സമരത്തിൽ വിശ്വനാഥ മേനോന്റെ പങ്കും അന്ത്യവും
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത വിശ്വനാഥ മേനോനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ജയിൽ മോചനത്തിന് ശേഷം സഹോദരി പാറക്കൽ ഗൗരിയമ്മയുടെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന സമയത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് 1942-ലാണ് അദ്ദേഹം അന്തരിച്ചത്.
ലെഖകൻ: ലെജികൃഷ്ണൻ | ഫോൺ: 7510901425
Leave a Reply Cancel reply